മഹാപ്രളയത്തിനുമാവില്ല ഇൗ സ്​നേഹത്തിന്​ തടയിടാൻ

കുട്ടനാട്: മഹാപ്രളയത്തിന് വിട്ടുകൊടുക്കാൻ കഴിയുന്നതായിരുന്നില്ല ആർ ബ്ലോക്കിലെ വിദ്യാധരനും ഭാര്യ ഉമയമ്മക്കും അവരുടെ പ്രിയപ്പെട്ട വളർത്തുപശുക്കൾ. തൊഴിലിന് അപ്പുറം അവറ്റകളെ സംരക്ഷിക്കാൻ ഇവർക്ക് മനസ്സ് നൽകിയത് ജീവനെന്ന ചിന്ത മാത്രമായിരുന്നു. സമാനതകളില്ലാത്ത പ്രളയത്തിൽ കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടുകയും ദുരിതവുമനുഭവിക്കുകയും ചെയ്യുന്ന സ്ഥലമാണ് ആർ ബ്ലോക്ക്. ഇവിടെയുള്ള മുപ്പത്തി മൂന്നോളം കുടുംബങ്ങളെ ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ തന്നെ ഇക്കരയിലെ ആർ ചിത്തിര ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. തിരികെ വീടുകളിലേക്ക് ഉടൻ എത്തുന്നത് പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞവർ കൈയിൽ കിട്ടിയതൊക്കെയെടുത്താണ് ക്യാമ്പിലെത്തിയത്. ആട് വളർത്തുന്ന ചില കർഷകർക്ക് അവയെ കൂടെ കൂട്ടാൻ കഴിഞ്ഞെങ്കിലും പശുക്കളുമായി ക്യാമ്പിലെത്താൻ വിദ്യാധരനും ഉമയമ്മക്കും കഴിഞ്ഞില്ല. വീടി​െൻറ മേൽക്കൂരക്കൊപ്പം വെള്ളമെത്തിയപ്പോൾ മൂന്നു പശുക്കളിൽ ഒെരണ്ണം ചത്തു. ക്യാമ്പിലായിരുന്ന ഉമയമ്മക്ക് ഇത് താങ്ങാനായില്ല. ഏതു വിധേനയും വീട്ടിലെത്തി ബാക്കി പശുക്കളെ രക്ഷിക്കണമെന്ന് അവർ ഉറപ്പിച്ചു. വെള്ളമിരച്ച് എത്തുേമ്പാഴും അതിനെതിരെ തുഴഞ്ഞ് ഇൗ വീട്ടമ്മ പശുക്കളെ രക്ഷിക്കാൻ പലതവണ വീട്ടിലെത്തി. വെള്ളമില്ലാത്ത സ്ഥലത്തേക്ക് പശുക്കളെ മാറ്റി നിർത്താൻ അവർ നന്നേ പാടുപെട്ടു. പാലങ്ങളും ഉയർന്ന പുരയിടവും വരെ വെള്ളമെത്തിയപ്പോഴും പശുക്കളെ രക്ഷിക്കാനായി ഉമയമ്മ ഓടിനടന്നു. ആഹാരമില്ലാതെ പശുക്കൾ തളർന്ന് വീഴുമെന്നായപ്പോൾ ക്യാമ്പിലെ കാടിവെള്ളമെത്തിച്ച് നൽകി. ഫോണിൽ വിളിച്ച് മൃഗസംരക്ഷണ വകുപ്പ് അധികൃതരോടടക്കം പശുവി​െൻറ അവസ്ഥ പറഞ്ഞെങ്കിലും ആരുടെയും ഇടപെടലുണ്ടായില്ല. രക്ഷാപ്രവർത്തനങ്ങളും സഹായങ്ങളും നൽകിയവരാരും ആർ ബ്ലോക്ക് വരെ എത്താതിരുന്നതും തിരിച്ചടിയായി. ഇപ്പോഴും അതിരൂക്ഷമായ വെള്ളക്കെട്ട് തുടരുന്ന ആർ ബ്ലോക്കിലെ വീടുകളിലേക്ക് ക്യാമ്പുകളിൽ കഴിയുന്നവരാരും എത്തിനോക്കുന്നുപോലുമില്ല. പക്ഷേ, വിദ്യാധരനും ഉമയമ്മയും വീടിനടുത്ത് വെള്ളത്തിലും പാലത്തിലുമൊക്കെ കെട്ടിയിടുന്ന പശുവിനെ ദിവസേന പരിചരിക്കാനെത്തും. ക്യാമ്പിലെ കാടിവെള്ളവും നൽകി മടങ്ങും. വെള്ളപ്പൊക്കത്തെ അതിജീവിച്ച ഉമയമ്മ ത​െൻറ പശുക്കൾക്ക് ഉമ്മ നൽകി പറഞ്ഞു -ഇവറ്റകളുടെ ജീവൻ ഞങ്ങൾക്ക് ജീവനേക്കാൾ വലുതാ.... ദീപു സുധാകരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.