ക്യാമ്പുകളിലുള്ളവർക്ക് മടങ്ങാവുന്ന സ്ഥിതി ആയിട്ടില്ല കൊച്ചി: പ്രളയജലം പെരിയാറിലേക്ക് പിൻവലിയുന്നുണ്ടെങ്കിലും ആലുവക്കാരുടെ ദുരിതത്തിന് അറുതിയായില്ല. വെള്ളം പൂർണമായി ഇറങ്ങാത്ത സ്ഥലങ്ങൾ ഇനിയും നിരവധിയാണ്. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തകർ എത്തി നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ദുരിതം വളരെയധികം നാശം വിതച്ച സ്ഥലമാണ് ആലുവ. വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ക്യാമ്പുകളിലുള്ളവർക്ക് വീടുകളിലേക്ക് മടങ്ങാവുന്ന സ്ഥിതി ആയിട്ടില്ല. ഇപ്പോഴും പല വീടുകളുടെയും ഒന്നാം നില ഭാഗികമായി വെള്ളത്തിലാണ്. സർവതും നശിച്ച വീടുകളിൽ തിരിച്ചെത്തുമ്പോൾ നേരിടേണ്ട പ്രതിസന്ധികളെക്കുറിച്ചാണ് ക്യാമ്പുകളിൽ കഴിയുന്നവരുടെ വേവലാതി. പെരിയാർ കര കവിഞ്ഞൊഴുകിയപ്പോൾ ഒറ്റപ്പെട്ടുപോയത് പതിനായിരങ്ങളാണ്. ഏലൂക്കര, കയൻറിക്കര, മാളികംപീടിക, കുഞ്ഞുണ്ണിക്കര തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളുടെ രണ്ടാം നിലയിൽ കുടുങ്ങിയവരെ ഞായറാഴ്ചയോടെയാണ് രക്ഷപ്പെടുത്തിയത്. നാലുദിവസം ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞുങ്ങളടക്കമാണ് കുടുങ്ങിയത്. വെള്ളത്തിലായ വീടുകളിലും കെട്ടിടങ്ങളിലും ദുരിതാശ്വാസകേന്ദ്രങ്ങളിലുംനിന്ന് രക്ഷപ്പെടുത്തിയവരെ ലോറികളിലും ബസുകളിലും മറ്റ് വലിയ വാഹനങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. സൈന്യവും നേവിയും എൻ.ഡി.ആർ.എഫും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടന്നത്. ഉൾപ്രദേശങ്ങളിലേക്ക് ഞായറാഴ്ചയാണ് ദൗത്യസംഘത്തിന് എത്താൻ കഴിഞ്ഞത്. ഇവിടെനിന്ന് ഭൂരിഭാഗം ആളുകളെയും രക്ഷപ്പെടുത്തി. പല സ്ഥലത്തും ഹെലികോപ്ടറിലാണ് ഭക്ഷണം എത്തിച്ചത്. മേഖലയിൽ നാവികസേനയുടെ രക്ഷാദൗത്യസംഘം രാവിലെ ആറോടെ പ്രവർത്തനം ആരംഭിച്ചിരുന്നു. ബോട്ടുകളും വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളും സജീവമായിരുന്നു. ഗതാഗത തടസ്സം നീങ്ങിയതോടെ ബസുകളും മറ്റുവാഹനങ്ങളും ആലുവ മേഖലയിലേക്ക് എത്തിത്തുടങ്ങിയത് ആളുകൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.