ആലപ്പുഴ: ചെങ്ങന്നൂർ പാണ്ടനാട് വൻമിഴിയിൽ ഗോപാലകൃഷ്ണപിള്ളയും (82) ഭാര്യ സരസ്വതിയമ്മയും (77) കടുത്ത പ്രമേഹരോഗികളാണ്. കഴിഞ്ഞ ചൊവ്വാഴ്ച വരെ അവർ ഇൻസുലിൻ ഇൻജക്ഷൻ എടുത്തിരുന്നു. വെള്ളം പൊങ്ങിയതിനെത്തുടർന്ന് വീടിെൻറ മുകൾ നിലയിൽപെട്ട അവർ രണ്ടുദിവസം മുമ്പ് ഭക്ഷണവും ഇൻസുലിനും ആവശ്യപ്പെട്ട് രക്ഷാപ്രവർത്തകരെ ബന്ധപ്പെട്ടിരുന്നു. വീടിന് മുൻവശം ശക്തമായ കുത്തൊഴുക്കായതിനാൽ ആർക്കും ബോട്ടിൽപോലും അവിടേക്ക് എത്താനായില്ല. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒരുവിവരവുമില്ല. ചെറിയ കുഞ്ഞുങ്ങൾ അടക്കമുള്ള കുടുംബമാണ് ഗോപാലകൃഷ്ണപിള്ളയുടേത്. ഇത്തരത്തിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ചെങ്ങന്നൂരിെൻറ വിവിധ മേഖലയിൽ വിശപ്പിലും ഭീതിയിലും നാലുദിവസമായി കഴിയുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല പുഴകളാണ് ചെങ്ങന്നൂരിനെ വലംവെച്ച് ഒഴുകുന്നത്. നാല് ദിവസംമുമ്പ് അവ മൂന്നും ഒരുമിച്ച് ആർത്തലച്ച് കുത്തിയൊഴുകി വന്നപ്പോൾ നാട് മുഴുവൻ മുങ്ങി. വീട്ടിൽ കയറാവുന്നിടത്തോളം ഉയരത്തിൽ കയറിയിട്ടും വെള്ളം അവരെ വിട്ടില്ല. പിന്നാലെ എത്തി പിടികൂടി. ചെങ്ങന്നൂർ മംഗലം കണ്ണാടിക്കടലിൽ 90കാരി ശോശാമ്മയും മകൻ ബേബിയും കിടപ്പുരോഗിയായ ബേബിയുടെ മകൻ റെനിയും ദാരുണമായാണ് മരിച്ചത്. എവിെടയും രോദനങ്ങൾ മാത്രമാണ് കേൾക്കുന്നത്. ഒരുനേരത്തെ വിശപ്പടക്കാനുള്ള നേർത്ത നിലവിളികൾ. പലർക്കും ഒച്ചവെച്ച് ഒന്ന് കരയാൻപോലുമാകുന്നില്ല. മിക്ക ഇരുനിലവീടുകളിലും വയോദമ്പതികൾ മാത്രമാണ് താമസം. മക്കൾ വിദേശങ്ങളിലാണ്. വെള്ളം െപാങ്ങുേമ്പാൾ മുകൾ നിലയിൽ കഴിയാം എന്നായിരുന്നു പ്രതീക്ഷ. അവിടെയും െവള്ളമെത്തിയപ്പോൾ പലരും മരണം മുന്നിൽക്കണ്ട് നിലവിളിച്ചു. കിടപ്പുരോഗികൾ പലർക്കും എന്തുസംഭവിെച്ചന്നുപോലും വിവരമില്ല. കുട്ടികൾ അടക്കം പല സ്ഥലത്തായിപ്പോയവരും വിരളമല്ല. ബോട്ടുകളിലുള്ള രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സം മരങ്ങളും മതിലുകളുമാണ്. ചില രക്ഷാബോട്ടുകൾ മതിലുകളിൽ ഇടിച്ചുതകർന്നു. ഹെലികോപ്ടർ വഴിയുള്ള രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത് മേൽക്കൂരയിലെ റുഫിങ് ഷീറ്റുകളാണ്. പമ്പയാറ്റിൽനിന്ന് അതിശക്തമായ കുത്തൊഴുക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പല വീടുകൾക്കുമുന്നിലൂടെയും ശക്തമായി വെള്ളം കുതിച്ചൊഴുകുന്നതിനാൽ ബോട്ടിൽ രക്ഷാപ്രവർത്തനം അസാധ്യമാണ്. സജി ചെറിയാൻ എം.എൽ.എ അടക്കമുള്ളവരുടെ നൂറുകണക്കിന് കാറുകൾ ഒഴുക്കിൽപ്പെട്ടു. രണ്ടാംനിലയിൽപോലും പാതിമുങ്ങിയാണ് പലരും നിൽക്കുന്നത്. കഴുത്തറ്റം വെള്ളത്തിലും പ്രതീക്ഷയോടെ മുകളിലേക്ക് ഉറ്റുനോക്കി ഹെലികോപ്ടറിൽ രക്ഷകർ എത്തുന്നതും കാത്ത് കണ്ണുമിഴിച്ചിരിക്കുകയാണ് നാലുദിവസമായി ചെങ്ങന്നൂർ, ഇനിയും പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ... നിസാർ പുതുവന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.