കൊച്ചി: പ്രളയക്കെടുതിയിൽ നിസ്സഹായതയുടെ ആഴം വിളിച്ചറിയിക്കുകയാണ് ആലുവ. പെരിയാർ കരകവിഞ്ഞതോടെ ഇരു തീരങ്ങളും വെള്ളത്തിനടിയിലായത് വളരെ വേഗത്തിലായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിലും ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ടിരിക്കുന്നത് ആയിരങ്ങളാണ്. മുങ്ങിത്താഴ്ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും മുകൾ നിലയിലോ ടെറസിലോ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞുകൂടുകയാണ് പലരും. പ്രാണരക്ഷാർഥം കഴിഞ്ഞ ദിവസങ്ങളിൽ പലരുടെയും ഫോണുകളിലേക്ക് ഇവർ വിളിച്ചിരുന്നു. എന്നാൽ, ഫോണുകൾ ബാറ്ററി ചാർജ് തീർന്ന് നിശ്ചലമായതോടെ ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. പലയിടത്തും രക്ഷാപ്രവർത്തകർക്കും എത്താൻ കഴിഞ്ഞിട്ടില്ല. വെളിയത്തുനാട്, ഏലൂക്കര, കയൻറിക്കര, കമ്പനിപ്പടി, കുഞ്ഞുണ്ണിക്കര, പറവൂർ കവല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി മുങ്ങിയ സ്ഥിതിയാണ്. രക്ഷാപ്രവർത്തകരെ തേടി വിളിച്ച നമ്പറുകളൊന്നിലും മറുപടി കിട്ടാതായതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തരായി. ആളുകൾ തങ്ങുന്നിടങ്ങളിലേക്ക് എത്താനാവാതെ ബോട്ടുകൾ കുടുങ്ങിയ സംഭവങ്ങളുമുണ്ടായി. രക്ഷാപ്രവർത്തകരെ തടഞ്ഞ് ബോട്ടുമായി ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന സാഹചര്യവും ബുദ്ധിമുട്ടുണ്ടാക്കി. ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്താണെന്നറിയാതെ അലമുറയിടുന്ന ആളുകളെയും കാണാനായി. ആലുവ-പറവൂർ പാതയിൽ മാളികംപീടികയിലെ വിവിധ കെട്ടിടങ്ങളിലായി നൂറുകണക്കിന് ആളുകളാണ് കുടുങ്ങിയത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ കുട്ടികൾ ഉൾപ്പെടെ ബോധരഹിതരായി വീണിരുന്നു. മഴയിൽ നനഞ്ഞാണ് ഭൂരിഭാഗം ആളുകളും കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സഹായം തേടി ഇവർ പല കേന്ദ്രങ്ങളിലേക്കും വിളിച്ചിരുന്നു. എന്നാൽ, ഫോണുകളുടെ ബാറ്ററി തീർന്നതോടെ ഇവരെ തിരികെ ബന്ധപ്പെടാനോ രക്ഷാപ്രവർത്തകർക്ക് ആശയവിനിമയം നടത്താനോ സാധിച്ചില്ല. ഇവർ പറഞ്ഞ സ്ഥലങ്ങളിൽ പുറംലോകവുമായി ബന്ധപ്പെടാൻ സാഹചര്യമില്ലാതെ മറ്റ് അനേകംപേർ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തകർ അവരെ കരയിലെത്തിക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഹെലികോപ്റ്ററുകൾ ശനിയാഴ്ചയും ലഭ്യമാക്കിയിരുന്നു. അതേസമയം, ഷീറ്റ് ഉപയോഗിച്ച് വീടിന് മുകളിൽ റൂഫ് ചെയ്ത സ്ഥലങ്ങളിൽ ഹെലികോപ്റ്ററുകളിൽ ആളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇത്തരം സ്ഥലങ്ങളിൽ ആളുകളുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയാത്തതും രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടായി. വെള്ളത്തിനടിയിലായ വീടുകളിലും കെട്ടിടങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുംനിന്ന് രക്ഷപ്പെടുത്തിയവരെ ലോറികളിലും ബസുകളിലും മറ്റ് വലിയ വാഹനങ്ങളിലുമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിച്ചു. സൈന്യവും നേവിയും എൻ.ഡി.ആർ.എഫും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. രക്ഷാപ്രവർത്തകർ കടന്നുചെല്ലാത്ത നിരവധി സ്ഥലങ്ങളിൽ ആയിരങ്ങൾ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. -സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.