നൂറി​െൻറ നിറവിലും രാമൻ കൃഷിയിൽ സജീവം

അമ്പലപ്പുഴ: നൂറി​െൻറ നിറവിലും മനസ്സ് പതറാതെ മണ്ണിനോട് മല്ലടിക്കുകയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കഞ്ഞിപ്പാടം ഗോവിന്ദഭവനത്തില്‍ പി.കെ. രാമന്‍. 14ാം വയസ്സില്‍ പിതാവിനൊപ്പം കൈക്കോട്ടുമായി ഇറങ്ങിയ രാമന്‍ നേടിയതെല്ലാം മണ്ണില്‍നിന്നുഴുതെടുത്ത മാണിക്യങ്ങളാണ്. കുടുംബ ഓഹരിയായി കിട്ടിയ ഒന്നര ഏക്കറിലാണ് തുടക്കം. ഇതില്‍നിന്ന് നേടിയതാണ് പത്തേക്കര്‍ നിലവും മൂന്ന് ഏക്കറോളം കരഭൂമിയും. ശീലം തെറ്റിക്കാതെ പുലർച്ച അഞ്ചിന് തന്നെ ഉണരും. കട്ടനും കുടിച്ച് നേരെ വയലിലേക്ക്. മടങ്ങിയെത്തുന്നത് സൂര്യന്‍ നെറുകയിലെത്തുമ്പോഴാണ്. തൊടിയിലെ വാഴയും ചേനയും ഇഞ്ചിയും പച്ചമുളകുമെല്ലാം വളരുന്നത് രാമ​െൻറ മേൽനോട്ടത്തിലാണ്. വളം ഇടുന്നതും മരുന്ന് അടിക്കുന്നതും രാമ​െൻറ നേതൃത്വത്തിൽ. പാടത്തും പറമ്പിലും പണിയെടുത്ത് ഇതെല്ലാം സമ്പാദിച്ചതിന് പുറമെ നാലുമക്കളെ പഠിപ്പിച്ച് നല്ലനിലയിലാക്കുകയും ചെയ്തു. നല്ലൊരു സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായിരുന്നു രാമന്‍. കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറായിരുന്ന ഇദ്ദേഹം മറ്റ് രാഷ്ട്രീയ നേതാക്കളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവരായിരുന്നു ഇവിടത്തുകാര്‍. ഒരു കൃഷിമാത്രമായതിനാല്‍ മിക്കവീടുകളിലും പട്ടിണിയായിരുന്നു. ഇതിന് പരിഹാരമായി പ്രദേശത്തെ മൂന്ന് പാടശേഖരങ്ങളില്‍ രാമ​െൻറ നേതൃത്വത്തില്‍ ആദ്യമായി രണ്ടാംകൃഷി ഇറക്കി. കെ.ആർ. ഗൗരിയമ്മ കൃഷിമന്ത്രിയായിരിക്കുമ്പോള്‍ മൂന്ന് പാടശേഖരങ്ങള്‍ക്കും സ്വന്തമായി മോട്ടോര്‍ തരപ്പെടുത്തിയാണ് രണ്ടാംകൃഷിക്ക് തുടക്കമാകുന്നത്. ഇത് കണ്ടാണ് മറ്റ് പാടശേഖരങ്ങളിലും രണ്ടാംകൃഷിയിറക്കുന്നത്. തകഴിയില്‍ മാത്രമുണ്ടായിരുന്ന കൃഷിഭവന്‍ കര്‍ഷകരുടെ സൗകര്യാർഥം അമ്പലപ്പുഴയിലും തുടങ്ങാനായത് രാമ​െൻറ ശ്രമഫലമായാണ്. ക്ഷീരകര്‍ഷകര്‍ക്കായി കഞ്ഞിപ്പാടത്ത് ക്ഷീരസംഘത്തിന് തുടക്കംകുറിച്ചു. ഇവിടെ 10 വര്‍ഷത്തോളം പ്രസിഡൻറായി സേവനമനുഷ്ഠിച്ചു. രാമന്‍ വിലക്ക് വാങ്ങിയ സ്ഥലത്താണ് ഇപ്പോള്‍ ക്ഷീരസംഘം പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹത്തിന് യുവാക്കളോട് പറയാനുള്ളത് ഇത്രമാത്രം -'ജീവിതം കരുപിടിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ ഒരു മണിക്കൂറെങ്കിലും മണ്ണിനെ കുറിച്ചുകൂടി ഓര്‍ക്കണം'. -അജിത്ത് അമ്പലപ്പുഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.