കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്നുള്ള നീരൊഴുക്കുമൂലം പെരിയാറിലെ ജലനിരപ്പ് ഉയർന്നെങ്കിലും കടലിലേക്കുള്ള ഒഴുക്ക് കൂടിയതോടെ എറണാകുളം ജില്ലക്ക് ആശ്വാസം. ഇടമലയാർ ഡാമിെൻറ നാല് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഇടുക്കിയിൽ ജലനിരപ്പ് കുറഞ്ഞതോടെ പുറത്തേക്കുവിടുന്ന വെള്ളത്തിെൻറ അളവും കുറച്ചേക്കും. ഇതോടെ പെരിയാറിൽ ജലനിരപ്പ് വർധിക്കാനുള്ള സാഹചര്യം പാടേ ഒഴിവായി. അതേസമയം, ജില്ലയിൽ റെഡ്അലർട്ട് (അതിജാഗ്രത നിർദേശം) ഞായറാഴ്ച വരെ നീട്ടി. വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശിച്ചു. ഇടുക്കിയും ഇടമലയാറും തുറന്നതോടെയാണ് പെരിയാർ നിറഞ്ഞൊഴുകിയത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായെങ്കിലും വേലിയിറക്കം ശക്തമായിരുന്നത് ആശ്വാസമായി. ഒരടി മാത്രമാണ് ജലനിരപ്പ് ഉയർന്നത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെത്തുടർന്ന് ഇടമലയാർ ഡാമിെൻറ മൂന്ന് ഷട്ടറുകൾ അടച്ചു. ശേഷിക്കുന്ന ഒരു ഷട്ടർ പാതിതാഴ്ത്തി ഒഴുക്കുന്ന വെള്ളത്തിെൻറ അളവ് 100 ഘനമീറ്ററായി കുറച്ചു. 169 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 168.97 മീറ്റർ വെള്ളമാണുള്ളത്. ഇടുക്കിയിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി. ശനിയാഴ്ച 2400.48 അടിയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒഴുക്കുന്ന വെള്ളത്തിെൻറ അളവ് കുറച്ചേക്കും. അതേസമയം, ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച അവസാനിച്ച അതിജാഗ്രത നിർദേശം ഞായറാഴ്ചവരെ നീട്ടിയത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആലുവ, ചെങ്ങമനാട്, പുത്തൻവേലിക്കര എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളം കുറഞ്ഞതോടെ ശനിയാഴ്ച വൈകീട്ടോടെ എ.ഐ.യു.പി.എസ് മാഞ്ഞാലി, കണ്ടന്തറ പള്ളി ക്യാമ്പുകൾ അടച്ചു. 482 പേരാണ് വീടുകളിലേക്ക് മടങ്ങിയത്. നിലവിൽ 73 ക്യാമ്പുകളിലായി 11,713 പേരാണുള്ളത്. ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടയിലായത് കർക്കടകവാവ് ബലിതർപ്പണത്തെ ബാധിച്ചു. ക്ഷേത്രത്തിലേക്കുള്ള തോട്ടക്കാട്ടുകര-മണപ്പുറം റോഡിെൻറ ഇരുവശങ്ങളിലാണ് ഇത്തവണ ബലിത്തറകൾ തയാറാക്കിയത്. തർപ്പണം ചെയ്യാൻ പെരിയാറിൽ പ്രത്യേകഭാഗത്ത് സൗകര്യമൊരുക്കിയിരുന്നു. പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണസേന, തീരസംരക്ഷണ സേന ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ബലിതർപ്പണം. റൺവേയിൽ വെള്ളം കയറിയതിനെത്തുടന്നുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണനില കൈവരിച്ചതായി അധികൃതർ അറിയിച്ചു. ഹജ്ജ് സർവിസ് പുനരാരംഭിച്ചു. ചെങ്കൽതോട്ടിൽനിന്ന് ഒാവുചാലുകളിലൂടെ വെള്ളം റൺവേയിൽ കയറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക പമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.