കളമശ്ശേരി: ഇടമുള പാടത്തെ വെള്ളക്കെട്ടിൽ ഉല്ലസിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപെട്ട ഇതര സംസ്ഥാനക്കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഏലൂർ കുറ്റിക്കാട്ടുകര ഇടമുള പാടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ടൈൽ കമ്പനി ജീവനക്കാരൻ അസം സ്വദേശി അനാറുലിനെയാണ് (20) പാതാളം ഫയർ യൂനിറ്റംഗങ്ങൾ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പെരിയാറിൽ ജലനിരപ്പുയർന്നതിനാൽ ടൈൽ കമ്പനിക്കുചുറ്റും വെള്ളക്കെട്ടാണ്. പരിസരവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, ടൈൽ കമ്പനിയിലെ ഇരുപതോളം തൊഴിലാളികൾ കെട്ടിടത്തിെൻറ മുകൾനിലയിൽ തങ്ങുകയായിരുന്നു. ഇതിനിടെയാണ് നാല് വീപ്പകൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി നാലുപേർ വെള്ളത്തിൽ ഉല്ലസിക്കാനിറങ്ങിയത്. കമ്പനിയിൽനിന്ന് 150 അടി മാറിയാൽ പുഴയാണ്. ഇതിന് മധ്യത്തിൽ ചതുപ്പുനിലമാണ്. ഇവിടെ ഒരാൾപൊക്കത്തിലാണ് വെള്ളം. ഈ ഭാഗത്തേക്ക് തുഴഞ്ഞുനീങ്ങുന്നതിനിടെ ചങ്ങാടം മറിഞ്ഞു. മൂന്നുപേർ ചങ്ങാടത്തിൽ പിടിച്ച് നീന്തി കരക്കടുത്തു. ഒഴുക്കിൽപെട്ട അനാറുൽ വെള്ളത്തിൽ കിടന്ന മരക്കൊമ്പിൽ കയറിയിരുന്നു. കരച്ചിലും ബഹളവും ശ്രദ്ധയിൽപെട്ട പ്രദേശവാസി ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി റബർഡിങ്കി ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിറയലും അസ്വസ്ഥതയും അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മീഡിയവൺ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ഏലൂർ നഗരസഭ അധ്യക്ഷ സി.പി. ഉഷ, വൈസ് ചെയർമാൻ ജെയിംസ്, കൗൺസിലർമാരായ ചന്ദ്രമതി കുഞ്ഞപ്പൻ, സാജൻ ജോസഫ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. വെള്ളപ്പൊക്കക്കെടുതി നേരിടാൻ സർവസജ്ജമെന്ന് അവകാശപ്പെടുന്ന അധികൃതർക്ക് അപകടസമയത്ത് ആംബുലൻസ് എത്തിക്കാൻ കഴിയാതെവന്നത് ആക്ഷേപത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.