മരങ്ങൾ വെട്ടിയെറിഞ്ഞ ശേഷം മരക്കുറ്റികളും പൊഴിഞ്ഞ് വീണ ഇലകളും ബാക്കിയായപ്പോൾ ഒരുകൂട്ടം ഉറുമ്പുകൾ നടത്തുന്ന പ്രതിഷേധം... ഇലകൾ കൈകളിലേന്തിയുള്ള അവരുടെ പ്രതിരോധത്തെ നിറങ്ങൾ ചാലിച്ച് ചിത്രമായി അവതരിപ്പിക്കുകയാണ് കെ.ആർ കുമാരനെന്ന ചിത്രകാരൻ. ദർബാർ ഹാളിലെ ആർട്ട് മാസ്ട്രോ ചിത്ര-ശിൽപ പ്രദർശന വേദിയിൽ ആസ്വാദകരെ ആകർഷിക്കുന്ന ഈ ചിത്രത്തിന് തന്നെയാണ് ഇക്കൊല്ലത്തെ ആർട്ട് മാസ്ട്രോ പുരസ്കാരവും ലഭിച്ചത്. പച്ചപ്പെല്ലാം നഷ്ടപ്പെടുമ്പോൾ വിഷച്ചെടികളും കള്ളിമുൾച്ചെടികളും മാത്രം ബാക്കിയാകുന്ന ചിത്രം ആളുകൾക്ക് മുന്നിൽ പങ്കുവെക്കുന്നത് വലിയ സന്ദേശമാണ്. മട്ടാഞ്ചേരി സ്വദേശിനി സാറാ ഹുസൈൻ വരച്ച ചേരിയുടെ ചിത്രമാണ് ആർട്ട് അഫയർ പുരസ്കാരത്തിന് അർഹമായത്. ജനജീവിതം എന്നും ദുസ്സഹമായ ചേരിയുടെ ചിത്രം സാറാ ഹുസൈൻ വരച്ചിട്ടപ്പോൾ അത് സമൂഹത്തിെൻറ നേർച്ചിത്രമായിമാറുകയാണ്. കെ.കെ. സുകുമാരൻ വരച്ച പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച വെള്ളത്തിന് മുകളിൽ ഇരിക്കുന്ന പായത്തൊപ്പിയുടെ ചിത്രം, രാധാകൃഷ്ണ പ്രഭുവിെൻറ ചായക്കൂട്ടുകളിൽ വിരിഞ്ഞ 'വിത്ത്' എന്ന ചിത്രം, തെരുവിലെ രണ്ടുകുട്ടികൾ ചേർന്ന് ഇളയ കുട്ടിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ബി.ടി.കെ അശോകിെൻറ ചിത്രം എന്നിവയെല്ലാം ഇത്തരത്തിൽ സമൂഹത്തോട് സംവദിക്കുന്നതാണ്. റിയലിസ്റ്റിക് ചിത്രം എന്ന വാക്കിനെ അന്വർഥമാക്കുന്നതാണ് ന്യൂഡൽഹി സ്വദേശിനി നിഹാരിക ഗ്രോവറിെൻറ ചിത്രം. തെരുവിലെ വഴിയരികിലിരിക്കുന്ന വ്യക്തിയെയാണ് നിഹാരിക അവതരിപ്പിച്ചിരിക്കുന്നത്. ഓരോ ചിത്രവും സമൂഹത്തോട് നന്മയുടെ നിലപാട് പങ്കുവെക്കുന്നു. 200 ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 15000ത്തോളം ഫോളോവേഴ്സുള്ള ഫേസ്ബുക്ക് കൂട്ടായ്മയുടെ ദർബാർ ഹാളിലെ അഞ്ചാമത് പ്രദർശനമാണ് ഇപ്പോൾ നടക്കുന്നത്. ചിത്രങ്ങളെക്കൂടാതെ ശിൽപങ്ങളും പ്രദർശനത്തിലുണ്ട്. അശമന്നൂർ സ്വദേശി പി.എ. ശശിധരൻ നിർമിച്ച ബുദ്ധെൻറ ശിൽപം സമകാലിക സമൂഹത്തെ ആഴത്തിൽ സ്പർശിക്കുന്നതാണ്. തേക്കിൻ തടിയിൽ തീർത്ത ശിൽപത്തിന് 'ബുദ്ധെൻറ കണ്ണുനീർ' എന്നാണ് ഇദ്ദേഹം നൽകിയ പേര്. അഹിംസ സൈദ്ധാന്തികനായ ശ്രീബുദ്ധനെ ഹിംസാത്കമായ ആണവ പരീക്ഷണത്തിെൻറ പ്രതീകമാക്കി ഭരണാധികാരികൾ ഉപയോഗിച്ച 'ബുദ്ധൻ ചിരിക്കുന്നു' എന്ന കോഡാണ് ഇവിടെ പ്രതിപാദ്യ വിഷയം. ബുദ്ധനെ സിംഹങ്ങൾ ആക്രമിക്കുന്നതാണ് ശിൽപത്തിലൂടെ അദ്ദേഹം എടുത്തുകാട്ടുന്നത്. ദുർബലരുടെ മേലുള്ള കടന്നാക്രമണങ്ങളും ശൈവ, വൈഷ്ണവ ആധിപത്യത്തിനായി തകർത്തെറിഞ്ഞ ബുദ്ധ ദർശനത്തിെൻറ സമീപകാല പ്രസക്തിയും ഓർമപ്പെടുത്തുകയാണ് താൻ ചെയ്തതെന്ന് പി.എ. ശശിധരൻ പറയുന്നു. ശിൽപങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചത് ഇതിനാണ്. പാഴ്വസ്തുക്കളിൽനിന്ന് ജോർജ് കുര്യാക്കോസ് നിർമിച്ച ഡ്രാഗണും ശ്രദ്ധയാകർഷിക്കുന്നതാണ്. പ്രത്യേക ജൂറി പരാമർശം ലഭിച്ച ചിത്രങ്ങളും ശ്രദ്ധേയമാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ആർട് മാസ്ട്രോയുമായി സഹകരിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി അഡ്വ. എരൂർ ബിജു വ്യക്തമാക്കി. ഷംനാസ് കാലായി shamnaskalayil@gmail.com ചിത്രം- ദിലീപ് പുരയ്ക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.