ആതിരയുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തു; ഒന്നര മണിക്കൂർ കൊണ്ട് സമാഹരിച്ചത് 12 ലക്ഷം

മണ്ണഞ്ചേരി: ഇരുവൃക്കകളും തകരാറിലായ മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് മറ്റത്തിൽ വെളി ലക്ഷംവീട് കോളനിയിൽ സന്തോഷ്-സതി ദമ്പതികളുടെ മകൾ ആതിരയുടെ (24) ചികിത്സക്കായി ഞായറാഴ്ച ഒന്നരമണിക്കൂറിനുള്ളിൽ സഹായനിധി സ്വരൂപിച്ചത് 12 ലക്ഷം രൂപ. മണ്ണഞ്ചേരി പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ-സാമുദായിക-സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ നാല് വാർഡുകളിലെ അയൽസഭ വഴിയാണ് തുക ശേഖരിച്ചത്. രാവിലെ പത്തിന് ആരംഭിച്ച ധനസമാഹരണം 11.30ഓടെ സമാപിച്ചു. വാർഡുകളിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചാണ് തുക സമാഹരിച്ചത്. വൈകുന്നേരം പൊതുസമ്മേളനത്തിൽ സ്വരൂപിച്ച തുക മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഏറ്റുവാങ്ങി. തുക സമാഹരണത്തിന് മുമ്പ് ചികിത്സ സഹായ അഭ്യർഥനയുമായി മന്ത്രി പി. തിലോത്തമനും ഒരാഴ്ചക്ക് മുമ്പ് വീടുകൾ സന്ദർശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ചികിത്സ സഹായ സമിതി ജനറൽ കൺവീനർ കെ.വി. സുധാകരൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആതിര ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജീവൻ രക്ഷിക്കുന്നതിന് അടിയന്തര വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ആവശ്യമായ പണം കണ്ടെത്താൻ മാറാരോഗികളും കൂലിപ്പണിക്കാരുമായ മാതാപിതാക്കൾ വിഷമിക്കുന്ന ഘട്ടത്തിലാണ് നാട്ടുകാർ സഹായത്തിനെത്തിയത്. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 35 ലക്ഷം ചെലവുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആര്യാട് ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡൻറ് ഷീന സനൽകുമാർ, പഞ്ചായത്ത് മുൻ പ്രസിഡൻറുമാരായ തങ്കമണി ഗോപിനാഥ്, ദീപ്തി അജയകുമാർ, ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ചു രതികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശശിധരൻ, സിനിമോൾ സുരേഷ് എന്നിവർ തുക സമാഹരണത്തിന് നേതൃത്വം നൽകി. ജപ്തി-കോടതി നടപടികൾ അവസാനിപ്പിക്കണം മണ്ണഞ്ചേരി: റിമോര്‍ട്ട് ലോണ്‍ ഉപഭോക്താക്കളായ ചെറുകിട കയര്‍ ഫാക്ടറി ഉടമകളുടെ പേരില്‍ നിരന്തരം ഉയര്‍ന്നുവരുന്ന ജപ്തി നടപടികളും കോടതി നടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിമോര്‍ട്ട് സ്‌കീം കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍ മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന് നിവേദനം നല്‍കി. റിമോര്‍ട്ട് ലോണ്‍ എടുത്ത് നിർമിച്ച 80 ശതമാനം തറികളും തൊഴിലില്ലായ്മ മൂലം അടച്ചുപൂട്ടിയിരിക്കുകയാണ്. ജോലിയും കൂലിയുമില്ലാതെ വലയുന്ന ചെറുകിട കയര്‍ ഫാക്ടറി ഉടമകളെ ജപ്തി നടപടിയില്‍നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. അസോസിയേഷന്‍ പ്രസിഡൻറ് ടി.പി. ബിജു, ഭാരവാഹികളായ സിന്ധുമോൻ കാവുങ്കല്‍, ജി. സാബു, ടി.എന്‍. സുരേഷ് എന്നിവരാണ് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.