കൊച്ചി: ഉടമയറിയാതെ മൊബൈലിൽ സ്ഥാപിച്ച ആപ്ലിക്കേഷൻ വഴി വിവരം ചോർത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിൽ മൊബൈൽ ആപ്പുകൾക്കെതിരെ കൂടുതൽ ജാഗ്രത വേണമെന്ന് സൈബർ വിദഗ്ധർ. അപകടം ഒളിപ്പിച്ചുവെച്ച ആപ്പുകൾ വർധിച്ചുവരുകയാണെന്നും കരുതലില്ലെങ്കിൽ മൊബൈലിലും പുറത്തുമുള്ള വിവരങ്ങൾ ചോർത്തപ്പെടുമെന്നുമാണ് മുന്നറിയിപ്പ്. ആപ്പിെൻറ സഹായം പോലുമില്ലാതെ നമ്മുടെ മൊബൈലിലേക്ക് മറ്റുള്ളവർക്ക് കടന്നുകയറാമെന്നതിന് തെളിവാണ് ആധാർ സഹായ നമ്പർ അനുവാദമില്ലാതെ ഫോണിലെത്തിയതെന്നും ചൂണ്ടിക്കാട്ടുന്നു. അശ്രദ്ധമായി മൊബൈലിലേക്ക് ആപ്പുകൾ വാരിവലിച്ചിടുന്ന പ്രവണത അപകടം ക്ഷണിച്ചുവരുത്തലാണെന്നും ഫോൺ നമ്പറുകൾ, എസ്.എം.എസ്, കാമറ എന്നിവയിലേക്ക് പ്രവേശനം ചോദിക്കാത്ത ആപ്പുകൾ മാത്രമേ സ്ഥാപിക്കാവൂ എന്നും സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടതിരി പറയുന്നു. എന്നാൽ, ഉപയോഗത്തിന് തടസ്സമാകുമെന്നതിനാൽ വാട്സ്ആപ്പിന് ഇത് ബാധകമല്ല. ആൻഡ്രോയ്ഡ് ആപ്പുകൾ, നമ്മൾ പരിശോധിച്ച് സ്ഥാപിച്ച ആപ്പുകൾ എന്നിവ ഒഴികെയുള്ളവ മൊബൈലിലെ സെറ്റിങ്സിലുള്ള ഒാൾ ആപ്പ്സ് വിഭാഗത്തിൽനിന്ന് ഒഴിവാക്കണം. ജിമെയിൽ, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽനിന്ന് ലോഗ്ഒൗട്ട് നൽകി പുറത്തുകടക്കാതിരുന്നാൽ ചില ആപ്പുകൾക്ക് മെയിൽ വിലാസവും ഫെയ്സ്ബുക്ക് അക്കൗണ്ടിെൻറ പാസ്വേഡും ചോർത്താൻ കഴിയും. വരുന്നതും അയക്കുന്നതുമായ സന്ദേശങ്ങളുടെ പകർപ്പ് മറ്റൊരാളുടെ ഫോണിലെത്തിക്കുന്നതടക്കം അപകടകാരികളായ ഒേട്ടറെ ആപ്പുകൾ സുലഭമാണെന്നും വിനോദ് ഭട്ടതിരി പറഞ്ഞു. മൊബൈലിലെ സെറ്റിങ്സിൽ സെക്യൂരിറ്റി വിഭാഗത്തിൽ റിമോട്ട് അക്സസ് പ്രവർത്തനക്ഷമമാക്കിയിട്ടാൽ മറ്റുള്ളവർക്ക് അകലെയിരുന്ന് നമ്മുടെ മൊബൈൽ നിയന്ത്രിക്കാൻ അവസരം ഒരുക്കലാകും. ബ്ലൂടൂത്ത്, വൈഫൈ, മൊബൈൽ ഡാറ്റ എന്നിവ മുഴുസമയവും പ്രവർത്തനക്ഷമമാക്കിവെക്കുന്നതും അപകടമാണ്. മറ്റൊരാൾക്ക് ഇതുവഴി നമ്മുടെ മൊബൈലിൽ കടന്നുകയാറാനാകും. മറ്റൊരാളെ അയാളറിയാതെ നിരീക്ഷിക്കാൻ സഹായിക്കുന്ന ആപ്പുകളുടെ വ്യാപനം ഉയർത്തുന്ന ഭീഷണി ചെറുതല്ലെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.