കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പരീക്ഷ എഴുതാൻ അനുമതി തേടി സമർപ്പിച്ച ഹരജി കോടതി തള്ളി. കേസിൽ ആദ്യം പിടിയിലായ പ്രതികളിലൊരാളായ കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (19) നൽകിയ അപേക്ഷയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് തള്ളിയത്. അപേക്ഷയെ അന്വേഷണസംഘം ശക്തമായി എതിർത്തിരുന്നു. പ്രധാന പ്രതികളിലൊരാളാണ് ബിലാൽ സജിയെന്നും തിരിച്ചറിയൽ പരേഡ് നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇൗ സാഹചര്യത്തിൽ പരീക്ഷ എഴുതാൻ അനുവദിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. പ്രതി രണ്ടാം സെമസ്റ്റർ എൽഎൽ.ബി വിദ്യാർഥിയാണ് ഇപ്പോൾ. കോഴ്സ് തീരാൻ ഇനിയും നാലുവർഷമുണ്ട്. അതിനാൽ പിന്നീടും പരീക്ഷ വരും. ഇപ്പോൾ പരീക്ഷ എഴുതാതിരിക്കുന്നത് പ്രതിയുടെ ഭാവിയെ ബാധിക്കില്ല. കൂടാതെ, തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ ഇപ്പോൾ പരീക്ഷ എഴുതാൻ അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇൗമാസം എട്ടുമുതൽ അടുത്തമാസം ഒമ്പതുവരെ എം.ജി യൂനിവേഴ്സിറ്റി നടത്തുന്ന രണ്ടാം സെമസ്റ്റർ എൽഎൽ.ബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് ബിലാൽ സജി അപേക്ഷ സമർപ്പിച്ചിരുന്നത്. ജൂലൈ രണ്ടിന് പുലർച്ച 12.30ഒാടെയാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ രസതന്ത്ര ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. സംഭവം നടന്ന ജൂലൈ രണ്ടിനുതന്നെ ബിലാൽ പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.