കൊച്ചി വിമാനത്താവളത്തിൽ സ്വർണക്കടത്ത് മാഫിയ വീണ്ടും സജീവമാകുന്നു

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ സ്വർണക്കടത്ത് മാഫിയ വീണ്ടും സജീവമാകുന്നു. ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ജീവനക്കാർക്ക് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗൾഫിൽനിന്ന് കൊണ്ടുവന്ന സ്വർണം യാത്രക്കാരൻ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയുടെ വാഹനത്തിൽ ഒളിപ്പിച്ചിരുന്നു. ഏജൻസിയിലെ ജീവനക്കാരൻ കസ്റ്റംസിനെ വിവരം ധരിപ്പിച്ചതുകൊണ്ടുമാത്രമാണ് സ്വർണം പിടിച്ചെടുക്കാൻ കഴിഞ്ഞത്. മുമ്പും ഇത്തരത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയുടെ പിന്തുണയോടെ മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മാഫിയ കോടികളുടെ സ്വർണം കടത്തിയിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയിലെ നാൽപതോളം ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. എന്നിട്ടും ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയിലെ വാഹനത്തിൽ സ്വർണം ഒളിപ്പിക്കുന്നുണ്ടോയെന്നതും മറ്റും നിരന്തരം നിരീക്ഷിക്കുന്നതിൽ കസ്റ്റംസ് ഇൻറലിജൻസ് പരാജയപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ റോ, കേന്ദ്ര ഇൻറലിജൻസ്, സംസ്ഥാന ഇൻറലിജൻസ്, ജില്ല ഇൻറലിജൻസ്, സി.ഐ.എസ്.എഫ് ഇൻറലിജൻസ് എന്നീ ഏജൻസികളുണ്ട്. എന്നാൽ, ഇവർ നിരീക്ഷണ പ്രവർത്തനങ്ങളിൽ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാറില്ല. ഇത് സ്വർണക്കടത്ത് സംഘങ്ങൾക്ക് തുണയാകുന്നുണ്ട്. പല സ്വർണക്കടത്ത് കേസിലും സ്വർണവുമായി പിടിയിലാകുന്നവരിലേക്ക് മാത്രമായി അന്വേഷണം ഒതുങ്ങുന്നതും റാക്കറ്റുകൾ രക്ഷപ്പെടുന്നതിന് കാരണമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.