ചെങ്ങന്നൂർ: കാലംമാറിയതോടെ നാട്ടിൻപുറങ്ങളിലെ അക്ഷരകേന്ദ്രങ്ങളായിരുന്ന നിലത്തെഴുത്ത് കളരികൾ അപൂർവ കാഴ്ചയായി. മണ്ണിെൻറ അക്ഷരസ്പന്ദനങ്ങളായിരുന്ന എഴുത്തോലയും നാരായവും കാഴ്ചവസ്തുക്കളായി. കുരുന്ന് നാവുകളിൽ ആദ്യക്ഷരം എഴുതിക്കൊടുത്തിരുന്ന എഴുത്താശാന്മാരുടെ പരമ്പരയും അസ്തമിച്ചപോലെയായി. എഴുത്തുപുരകൾ ഉണ്ടായാൽതന്നെ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയായി. നാലു തൂണുകളിൽ, പൊടിഞ്ഞ മേൽക്കൂരയും കതകില്ലാത്ത വാതിലുകളും മണൽ നിറഞ്ഞ തറകളും -മലയാളത്തെ വളർത്തിയ പഴയ കുടിപ്പള്ളിക്കൂടത്തിെൻറ ഏകദേശ ചിത്രമിതാണ്. ഈ രൂപത്തിലുള്ള കൊച്ചുകുടിലുകൾ നമ്മുടെ ഗ്രാമത്തിെൻറ മുഖമായിരുന്നു. നാട്ടിൽപുറങ്ങളിലെ സർവകലാശാലകളെന്ന് അവയെ അക്ഷരസ്നേഹികൾ വിശേഷിപ്പിച്ചിരുന്നു. തഴപ്പായിൽ ഇരുന്ന് പനയോലത്താളുകളിൽ നാരായ മുനയാൽ പതിച്ചിരുന്ന അക്ഷരങ്ങൾ മണലിൽ പകർത്തിയെഴുതിയാണ് ഒരുകാലത്ത് കുട്ടികൾ അക്ഷരം പഠിച്ചിരുന്നത്. മണ്ണിൽ ചൂണ്ടുവിരൽകൊണ്ട് എഴുതുമ്പോൾ കുട്ടികൾക്ക് അക്ഷരത്തെ തൊട്ടറിയുന്ന പ്രതീതിയാണ് തലച്ചോറിലുണ്ടാകുന്നതെന്നാണ് ആശാന്മാർ പറഞ്ഞിരുന്നത്. മണ്ണിലെഴുതി തഴക്കം വരുമ്പോൾ ഓലയിൽ നാരായംകൊണ്ട് എഴുതിക്കും. കരിയും തുമ്പയുടെ ഇലയും ചാലിച്ച് ഓലയിൽ ഉരക്കുമ്പോൾ എഴുതിയ അക്ഷരങ്ങൾ തെളിഞ്ഞുവരും. കുടിപ്പള്ളിക്കൂടങ്ങൾ ഇന്ന് അംഗൻവാടികളായും എൽ.കെ.ജി സെൻററുകളുമായി മാറി. എഴുത്തോലയും നാരായവും കാഴ്ച വസ്തുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.