അനാഥരായ ദലിത് സഹോദരങ്ങളെ ബന്ധുക്കൾ വീട്ടിൽനിന്ന്​ പുറത്താക്കി

ചാരുംമൂട്: അമ്മയുടെ മരണശേഷം മാതൃസഹോദര​െൻറ സംരക്ഷണയിൽ കഴിഞ്ഞ അനാഥരായ ദലിത് കുടുംബത്തെ വീട്ടിൽനിന്ന് ബന്ധുക്കൾ മർദിച്ച് പുറത്താക്കിയതായി പരാതി. നൂറനാട് ഇടപ്പോൺ പാറ്റൂർ വിശാഖ് ഭവനത്തിൽ വിശാഖ് (24), സഹോദരിമാരായ രമ്യ (20), കാർത്തിക (18) എന്നിവരാണ് വഴിയാധാരമായത്. ഇവർ താമസിച്ചിരുന്ന വീട് കൈയേറി പുറത്താക്കുകയായിരുന്നു. കശുവണ്ടി തൊഴിലാളിയായിരുന്ന മാതാവ് രമ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് മാതൃസഹോദരിൽ ഒരാളായ പുരുഷ​െൻറ സംരക്ഷണയിലായിരുന്നു ഇവർ. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് പുരുഷനും മരിച്ചു. അതോടെ സമീപത്ത് താമസിക്കുന്ന മറ്റു ബന്ധുക്കൾ ചേർന്ന് പെൺകുട്ടികളെയും സഹോദരനെയും വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഭർത്താവ് തമ്പിയുമായുള്ള ബന്ധം രമ മൂന്നുവർഷം മുമ്പ് ആലപ്പുഴ വനിത സെൽ ഓഫിസറുടെ സാന്നിധ്യത്തിൽ അവസാനിപ്പിച്ചിരുന്നു. പുരുഷ​െൻറ സംസ്കാരത്തിന് എത്തിയ ഇയാളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ ആക്രമിച്ചതെന്ന് പറയുന്നു. അമ്മാവ​െൻറ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോ മൃതദേഹം കാണുന്നതിനോ ബന്ധുക്കൾ അനുവദിച്ചില്ല. ഭയന്ന് വീട്ടിൽ കഴിഞ്ഞ തങ്ങളെ കതക് തകർത്ത് അകത്തുകയറി മർദിക്കുകയായിരുന്നുവെന്ന് മൂവരും പറയുന്നു. രമയുടെ മരണത്തോടെ വീട്ടിലെത്തിയ തമ്പിയെയും ഒപ്പം താമസിപ്പിക്കണമെന്നാണ് വീടിന് സമീപം താമസിക്കുന്ന ബന്ധുക്കളുടെ ആവശ്യം. അമ്മയെയും തങ്ങളെയും ഉപേക്ഷിച്ച ഇയാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് മക്കളും പറയുന്നു. അമ്മയുടെ പേരിലുള്ള എട്ടു സ​െൻറ് സ്ഥലവും പഞ്ചായത്തിൽനിന്ന് കിട്ടിയ പണം ഉപയോഗിച്ച് നിർമിച്ച വീടും സ്വന്തമാക്കാനാണ് ബന്ധുക്കളുടെ ശ്രമമെന്നും അമ്മാവ​െൻറ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കൾ പോയതിന് ശേഷവും ബന്ധുക്കൾ ചേർന്ന് മർദിച്ചതായും പരാതിയുണ്ട്. ഇപ്പോൾ അടൂരിലുള്ള മറ്റൊരു മാതൃസഹോദര​െൻറ കുടുംബത്തോടൊപ്പമാണ് അവർ താമസിക്കുന്നത്. ബന്ധുക്കൾ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും കാട്ടി മൂവരും ചേർന്ന് നൂറനാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. വീട്ടിലെ പ്രാരബ്ധങ്ങൾ മൂലം പ്ലസ് വൺ പഠനം ഉപേക്ഷിച്ച് വർക്ഷോപ്പിൽ ജോലിക്ക് പോവുകയാണ് വിശാഖ്. വീട്ടിൽനിന്ന് ഇറക്കിവിട്ടതിനാൽ പഠനം മുടങ്ങിയതായി കാർത്തികയും രമ്യയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.