ആലപ്പുഴ: ശുചിത്വ-ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ജില്ലയിൽ ഗാന്ധിജയന്തി വാരാഘോഷം ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ നടക്കും. കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഹരിതകേരളം മിഷെൻറ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ശുചിത്വമിഷനുമായി ചേർന്ന് മൂന്നുമുതൽ ആറുവരെ അരൂർ മുതൽ കായംകുളം വരെ തെരഞ്ഞെടുത്ത സ്കൂളുകളിലൂടെ ഗാന്ധി ശുചിത്വസന്ദേശ യാത്ര നടത്തും. മാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തും. ഹരിതകേരളം ചിത്രപ്രദർശനവും നടക്കും. യാത്രയുടെ ഭാഗമായി സ്കൂളുകളിൽ തത്സമയ ഗാന്ധി-ശുചിത്വ ക്വിസ് മത്സരം നടത്തി വിജയികൾക്ക് പുസ്തകം സമ്മാനമായി നൽകും. ജില്ലതല ഉദ്ഘാടനം രണ്ടിന് രാവിലെ ഒമ്പതിന് സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ നടക്കും. ജില്ല ഇൻഫർമേഷൻ ഓഫിസിെൻറ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ചിത്രപ്രദർശനം സംഘടിപ്പിക്കും. സബർമതിയുടെ സഹകരണത്തോടെ ഗാന്ധി സ്മരണയിൽ ദീപാവലിയും തത്ത്വമസി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കാവ്യാഞ്ജലിയും നടക്കും. 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പരിപാടിയുടെ ഭാഗമായി ആലപ്പുഴ സെൻറ് ജോസഫ്സ് കോളജിലെ എൻ.സി.സി യൂനിറ്റ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കും. സ്കൂൾ, ഓഫിസ്, ആശുപത്രികൾ ശുചീകരിക്കും ആലപ്പുഴ: ഒക്ടോബർ മൂന്നിന് സ്കൂളുകളിൽ ശുചിത്വദിനം ആചരിക്കും. സ്കൂൾ പരിസരവും ക്ലാസ് മുറികളും വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിലാണ് ശുചീകരിക്കുക. സ്കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഗാന്ധിജി അനുസ്മരണം നടത്തും. ശുചിത്വപ്രതിജ്ഞ എടുക്കും. നാലിന് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും അഞ്ചിന് വിവിധ സർക്കാർ ഓഫിസുകളിലും ആറിന് കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ എന്നിവർ ചേർന്ന് ആശുപത്രികളിലും ശുചീകരണം നടത്തും. ഏഴിന് എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ വിമുക്തി ജില്ലതല പരിശീലനം സംഘടിപ്പിക്കും. എട്ടിന് ഉച്ചക്ക് രണ്ടിന് ജില്ലതല സമാപന സമ്മേളനം ചാരുംമൂട് പബ്ലിക് ലൈബ്രറിയിൽ നടക്കും. വിദ്യാർഥികൾക്കായി മത്സരങ്ങൾ ആലപ്പുഴ: ഒക്ടോബർ നാലിന് ജില്ല ഇൻഫർമേഷൻ ഓഫിസിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ജില്ലതല പെയിൻറിങ്, പ്രസംഗം, ക്വിസ്, ഉപന്യാസ രചന മത്സരങ്ങൾ സംഘടിപ്പിക്കും. 'ജാതി, വർഗീയത, മതതീവ്രവാദം എന്നിവക്കെതിരെയുള്ള പ്രചാരണം' വിഷയത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് സെമിനാറുകളും ഗാന്ധിജി ചിത്രപ്രദർശനവും സംഘടിപ്പിക്കും. ഗാന്ധിജി സന്ദർശിച്ച ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ വാരാഘോഷ പരിപാടികൾ നടക്കും. ഹരിത നിയമാവലി പാലിച്ചായിരിക്കും ഗാന്ധിജയന്തി വാരാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.