ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി ജി. സുധാകരൻ. ഭിന്നശേഷിയുള്ളവർക്ക് ജില്ല പഞ്ചായത്ത് നൽകുന്ന സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചും സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാൻ തയാറാകുന്ന ഭിന്നശേഷിക്കാർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകും. ഭിന്നശേഷിയുടെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകാതെ വരുമാനം ലഭിക്കുന്ന തൊഴിൽ ചെയ്ത് അഭിമാനത്തോടെ ജീവിക്കാൻ സഹായിക്കുന്ന സ്കീമുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈഡ് വീലുള്ള സ്കൂട്ടർ വിതരണത്തിനായി 1,82,92,000 രൂപയുടെ പദ്ധതിയാണ് ജില്ല പഞ്ചായത്ത് നടപ്പാക്കുന്നത്. 126 പേർക്കുള്ള സ്കൂട്ടറുകളാണ് മന്ത്രി വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസർ അനിറ്റ എസ്. ലിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതിമോൾ, കെ.കെ. അശോകൻ, കെ. സുമ, ജില്ല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വെളിയനാട് പഞ്ചായത്ത്: വനജ പുഷ്പൻ വൈസ് പ്രസി. കുട്ടനാട്: വെളിയനാട് പഞ്ചായത്തിൽ വൈസ് പ്രസിഡൻറായി സി.പി.എമ്മിലെ വനജ പുഷ്പൻ തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എസ്. കമലമ്മയെ മൂന്നിനെതിരെ എട്ട് വോട്ടിന് പരാജയപ്പെടുത്തിയാണ് വനജ പുഷ്പൻ വിജയിച്ചത്. സാബു തോട്ടുങ്കൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട വേളയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നിലവിലെ വൈസ് പ്രസിഡൻറായിരുന്ന കേരള കോൺഗ്രസ് -എമ്മിലെ വത്സമ്മ പുലിക്കൂട് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഞ്ചായത്ത് പ്രസിഡൻറ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പുതിയ വൈസ് പ്രസിഡൻറ് സ്ഥാനമേറ്റു. അസി. വിദ്യാഭ്യാസ ഓഫിസിലെ സീനിയർ സൂപ്രണ്ട് എ.വി. അജിത്കുമാർ വരണാധികാരിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.