കൊച്ചി: ജി.എസ്.ടി വെബ്‌സൈറ്റ് തകരാർ ദുരിതമാകുന്നതായി പരാതി. കേരള ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷനാണ് ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. വെബ്‌സൈറ്റിലെ തകരാറുകൾ മൂലം ടാക്‌സ് പ്രാക്ടീഷണർമാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മാസം തന്നെ വെബ്സൈറ്റ് തകരാറുകൾ വിവിധ സംഘടനകൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. ജി.എസ്.ടി നിയമത്തെക്കുറിച്ച് ചെറുകിട വ്യാപാരികൾക്കിടയിൽ വേണ്ടത്ര അവബോധം ഉണ്ടാക്കാൻ നികുതി വകുപ്പിന് കഴിഞ്ഞിട്ടില്ല. അതിനാൽ ജി.എസ്.ടി ആർ. മൂന്ന് ബി ഫയൽ ചെയ്യാൻ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ ലേറ്റ് ഫീയായി അടക്കാൻ വ്യാപാരികൾ നിർബന്ധിതരായിരിക്കുകയാണ്. വെബ്‌സൈറ്റ് വഴി മാത്രം സമർപ്പിക്കേണ്ട പലഫോമുകളും ഇപ്പോഴും ലഭ്യമല്ല. ഇത് കണക്കിലെടുത്ത് വെബ്സൈറ്റിെൻറ പ്രവർത്തന ക്ഷമത അടിയന്തരമായി ഉയർത്തണം. ഈ സാഹചര്യത്തിൽ ഡിസംബർ വരെ പരീക്ഷണ കാലഘട്ടമായി കണക്കാക്കി പിഴ, ലേറ്റ് ഫീ നടപടികളിൽനിന്ന് ജി.എസ്.ടി കൗൺസിൽ പിന്മാറണമെന്നും ഇതുവരെ ലേറ്റ് ഫീയായി പിരിച്ച സംഖ്യ തിരിച്ച് നികുതിദായകരുടെ കണക്കിൽ വരവ് വെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡൻറ് എം.ഗണേശൻ, ജന.സെക്രട്ടറി വി.എൻ. അനിൽ, ട്രഷറർ എൻ.പ്രകാശ്, വൈസ് പ്രസിഡൻറ് പി.എസ്. ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.