കൊച്ചി: സംസ്ഥാനത്തുനിന്നുള്ള ചെമ്മീൻ കയറ്റുമതി കുറയുന്നു. ചെമ്മീൻ കയറ്റുമതിയിൽ ഇന്ത്യ മുന്നിൽ നിൽക്കുമ്പോഴാണ് ചെമ്മീൻ കൃഷിയുെടയും കയറ്റുമതിയുെടയും പ്രധാന കേന്ദ്രമായിരുന്ന കേരളം സമീപകാലത്ത് ഏറെ പിറകോട്ട് പോയിരിക്കുന്നത്. ശാസ്ത്രീയ കൃഷിരീതികൾ സ്വീകരിക്കാത്തതാണ് കയറ്റുമതിയിൽ പിന്നിലാകാൻ ഇടയാക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചെമ്മീൻ കയറ്റുമതിക്ക് തുടക്കം കുറിച്ച സംസ്ഥാനമാണ് കേരളം. ആന്ധ്രപ്രദേശാണ് ചെമ്മീൻ കയറ്റുമതിയിൽ മുന്നിട്ട് നിൽക്കുന്നത്. രാജ്യത്തുനിന്ന് കയറ്റുമതി ചെയ്യുന്നതിൽ 75 ശതമാനത്തോളം ആന്ധ്രയിൽനിന്നാണ്. കൃഷിയിടങ്ങൾ ശാസ്ത്രീയമായി സജ്ജീകരിച്ച് നൂതന അക്വാകൾചർ കൃഷിരീതിയിലൂടെയാണ് ആന്ധ്ര മുന്നേറുന്നത്. കേരളത്തിലെ ഭൂപ്രകൃതി മത്സ്യകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. എന്നാൽ, സാധ്യതയുടെ 10 ശതമാനംപോലും ഇവിടെ ഉപയോഗിക്കുന്നില്ല. കൃഷിയോഗ്യമായ മൊത്തം സ്ഥലത്തിെൻറ 20 ശതമാനത്തിൽ താഴെ മാത്രമേ മത്സ്യകൃഷിക്ക് ഉപയോഗപ്പെടുത്തുന്നുള്ളൂ. ഇതിൽ കൂടുതൽ പ്രദേശത്തും പഴയ രീതിയിലുള്ള കൃഷിയാണ് ചെയ്യുന്നത്. ശാസ്ത്രീയ കൃഷിക്ക് നല്ല വിത്ത്, തീറ്റ തുടങ്ങിയവ വേണം. എന്നാൽ, സംസ്ഥാനത്ത് തീറ്റ ഉൽപാദിപ്പിക്കുന്നില്ലെന്നതും പ്രതിസന്ധിയാകുന്നുണ്ട്. ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് ഇങ്ങനെ കൃഷിചെയ്യുന്നവരുടെ കൂട്ടായ്‌മയായ അക്വാ ഫാർമർ അലയൻസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വൈറസ്, ബാക്ടീരിയ തുടങ്ങിയവ മൂലമുള്ള രോഗങ്ങൾ കൃഷിയെ തകർക്കുന്നുണ്ട്. ഇതിൽനിന്ന് രക്ഷനേടാൻ ഇവയെ പ്രതിരോധിക്കാൻ കഴിവുള്ള വിത്തുകൾ ഉൽപാദിപ്പിക്കേണ്ടതുണ്ട്. അതിനുള്ള സൗകര്യവും ഇവിെടയില്ല. ശാസ്ത്രീയ മത്സ്യ, ചെമ്മീൻ കൃഷിയെക്കുറിച്ച് സംഘടന പരിശീലന പരിപാടി സംഘടിപ്പിക്കും. 29ന് ഒമ്പതുമുതൽ വൈറ്റില മെർമെയ്‌ഡ് ഹോട്ടലിലാണ് പരിപാടി. വിവരങ്ങൾക്കും രജിസ്‌ട്രേഷനും 93873 62078 നമ്പറിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ഡോ. എൻ.എൻ. മോഹൻദാസ്, സെക്രട്ടറി സെബാസ്റ്റ്യൻ ആൻറണി, വൈസ് പ്രസിഡൻറുമാരായ സി.കെ. സുധാകരൻ, കെ.ഇ. നൊലാസ്‌കി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.