കാക്കനാട്: ഫിഫ അണ്ടര്‍ 17 ന് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ നടത്തി. തീപിടിത്തം, സ്‌ഫോടനം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ശക്തമാണോ എന്ന പരിശോധനയാണ് നടന്നത്. വിവിധ വിഭാഗങ്ങളുടെ മികച്ച ഏകോപനമാണ് മോക്ക് ഡ്രില്ലില്‍ പ്രകടമായത്. അടിയന്തരമായി കാണികളെ ഗാലറിയില്‍നിന്ന് ഒഴിപ്പിക്കുന്നതിനും അപകടത്തില്‍പ്പെട്ടവര്‍ക്ക് അതിവേഗം വൈദ്യസഹായമെത്തിക്കുന്നതിനുമുള്ള സംവിധാനവും കുറ്റമറ്റതാണെന്ന് പരിശോധനയില്‍ ഉറപ്പാക്കി. മോക്ക്ഡ്രില്ലില്‍ അപകടം നടന്ന് അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഗാലറിയില്‍നിന്ന് കാണികളെ ഒഴിപ്പിച്ച് കോമണ്‍ അസംബ്ലി പോയൻറില്‍ എത്തിക്കാന്‍ കഴിഞ്ഞു. വൈദ്യസഹായം ആവശ്യമുള്ളവരെ നിശ്ചിത സമയത്തിനുള്ളില്‍ ആംബുലന്‍സിലെത്തിക്കാനും കഴിഞ്ഞു. റോപ്പ് വഴി മുകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനവും പരീക്ഷിച്ചു. ആംബുലന്‍സ്, മെഡിക്കല്‍ ടീം തുടങ്ങിയവയുടെ പ്രവര്‍ത്തനവും പരീക്ഷിച്ചു. വിവിധ നിറങ്ങളിലുള്ള റിബണുകള്‍ പരിക്കേറ്റവരുടെ ശരീരത്ത് കെട്ടിയാണ് മെഡിക്കല്‍ എമര്‍ജന്‍സിയുടെ മുന്‍ഗണന നിർണയിക്കുന്നത്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കൃത്യമായ ക്രൈസിസ് മാനേജ്മെൻറ് പ്ലാനാണ് മത്സരവേദിയായ സ്റ്റേഡിയത്തിനായി തയാറാക്കിയിരിക്കുന്നത്. മത്സരവേദിയില്‍ വളൻറിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കിയ 320 സ്റ്റുവാര്‍ഡ്‌സിനെ ഉള്‍പ്പെടുത്തിയാണ് മോക്ക് ഡ്രില്‍ നടത്തിയത്. കൂടാതെ പരിശീലനം നേടിയ 25 പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റുവാര്‍ഡ്‌സിനെ നിയന്ത്രിക്കുന്നത്. ഫസ്റ്റ് എയ്ഡ്, ഫയര്‍ ട്രെയിനിങ്, മെഡിക്കല്‍ ട്രെയിനിങ് തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്. നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്, മെഡിക്കല്‍ ടീം, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വളൻറിയര്‍മാര്‍ തുടങ്ങിയ വിഭാഗങ്ങളിലായി 400 ഓളം പേരാണ് മോക്ക് ഡ്രില്ലില്‍ പങ്കെടുത്തത്. ഒക്‌ടോബര്‍ മൂന്നിനും നാലിനും അന്തിമഘട്ട മോക്ക് ഡ്രില്ല് സംഘടിപ്പിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, അസി. കലക്ടര്‍ ഈശ പ്രിയ, ഡി.സി.പി കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഫിഫ പ്രാദേശിക സംഘാടക സമിതി അംഗങ്ങള്‍, ജി.സി.ഡി.എ അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.