മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാറ് മതിലിലും പോസ്റ്റിലും ഇടിച്ച് തലകീഴായി മറിഞ്ഞു. മാറാടി മണ്ണത്തൂർ കവലയ്ക്ക് സമീപം പന്തപ്പാറയിൽ ശനിയാഴ്ചവെളുപ്പിന് ഒരു മണിയോടെ ആയിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുകയായിരുന്ന സ്വിഫ്റ്റ് കാർ ചിറമറ്റത്തിൽ ജോയിയുടെ മതിലിലും പോസ്റ്റിലും ഇടിച്ച് മറിയുകയായിരുന്നു. ഓണക്കൂർ സ്വദേശിയായ യുവാവാണ് വാഹനം ഓടിച്ചിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ചില്ല് തകർത്താണ് യുവാവിനെ പുറത്തെടുത്തത്. വാഹനം പൂർണമായി തകർന്നു. ഫയർഫോഴ്സും പൊലീസും ഉടൻ സ്ഥലത്തെത്തിയിരുന്നു. നിയന്ത്രണം വിട്ട പിക് അപ് വാൻ മറിഞ്ഞു മൂവാറ്റുപുഴ: നിയന്ത്രണം വിട്ട പിക്കപ് വാൻ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞു. കൊച്ചി--ധനുഷ്കോടി ദേശീയപാതയിൽ നഗരത്തിലെ വെള്ളൂർക്കുന്നത്ത് ശനിയാഴ്ച പുലർച്ചെയാണ് അപകടം. ഇടുക്കിയിൽനിന്നും കോലഞ്ചേരിക്കുപോകുകയായിരുന്ന പിക്കപ് വാനാണ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. തെരുവുനായ് ആക്രമണം; രക്ഷപ്പെട്ടോടിയ വിദ്യാർഥിനിക്ക് ഓടയിൽ വീണ് പരിക്ക് മൂവാറ്റുപുഴ: തെരുവുനായുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഓടിയ വിദ്യാർഥിനിക്ക് ഓടയിൽ വീണ് പരിക്കേറ്റു. നഗരത്തിലെ വെള്ളൂർക്കുന്നത്ത് ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മൂവാറ്റുപുഴ ശിവൻകുന്ന് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കാണ് പരിക്കേറ്റത്. നഗരസഭയുടെ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയും മറ്റു രണ്ടു കുട്ടുകാരികളും സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആക്രമിക്കാനെത്തിയത്. ഇതോടെ കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടയിൽ വീണ് പരിക്കേറ്റത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.