മൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയിൽനിന്ന് ഹോട്ടൽ മാലിന്യം ഇ.ഇ.സി മാര്‍ക്കറ്റ് റോഡില്‍ തള്ളാനെത്തിയ മിനി ലോറി നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച പുലർച്ചയാണ് മാലിന്യം തള്ളുകയായിരുന്ന ലോറി നാട്ടുകാർ പിടികൂടിയത്. പേഴക്കാപ്പിള്ളിയില്‍നിന്ന് ഹോട്ടല്‍ മാലിന്യവും ഫ്ലാറ്റില്‍ നിന്നുള്ള മാലിന്യവുമാണ് മിനി ലോറിയിലെത്തിച്ചത്. മാലിന്യം ഇറക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടതോടെ വാഹനം തടയുകയായിരുന്നു. ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും ഓടിരക്ഷപ്പെടാന്‍ ശ്രമിെച്ചങ്കിലും നാട്ടുകാര്‍ പിടികൂടി. റോഡില്‍ തള്ളിയ മാലിന്യം വാഹനത്തില്‍ ഉണ്ടായിരുന്നവരെക്കൊണ്ട് തിരികെ കയറ്റുകയും ചെയ്തു. മാലിന്യനിക്ഷേപത്തിനെതിരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ശക്തമായി രംഗത്തുവന്നതോടെ പായിപ്രയില്‍ മാലിന്യം നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതേത്തുടര്‍ന്നാണ് അര്‍ധരാത്രി ഇ.ഇ.സി മാര്‍ക്കറ്റ് റോഡില്‍ മാലിന്യം തള്ളാനെത്തിയത്. ഇവിടെ ഉണ്ടായിരുന്ന തെരുവുവിളക്ക് തെളിയാത്തത്, പ്രദേശത്ത് രാത്രികാലങ്ങളില്‍ മാലിന്യം തള്ളാനെത്തുന്നവർക്ക് തുണയാകുകയാണ്. മാലിന്യം തള്ളൽ വ്യാപകമായതോടെ കൊതുകും ഈച്ചയും പെരുകി ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. മാലിന്യങ്ങള്‍ കാക്കകള്‍ കൊത്തിവലിച്ച് കിണറുകളിലിടുന്നതും പതിവാണ്. അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാല്‍ തെരുവു നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്കും രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയായിരിക്കുകയാണ്. റോഡിലെ കാടുകള്‍ വെട്ടിത്തെളിച്ച് മാലിന്യം നീക്കംചെയ്തശേഷം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചങ്കിലും രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാണ്. ഇതേത്തുടര്‍ന്ന് പ്രദേശവാസികളും വിവിധ സംഘടനകളും ശക്തമായ രാത്രികാല നിരീക്ഷണം നടത്തുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവാഹ വീടുകളില്‍ നിന്നും ഓഡിറ്റോറിയങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളും അറവ് മാലിന്യങ്ങളുമാണ് കൂടുതലായി നിക്ഷേപിക്കുന്നത്. ആഴ്ചകള്‍ക്കു മുമ്പ് പട്ടാപ്പകല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ മിനിലോറി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.