'വണ്‍ മില്യണ്‍ ഗോൾ' 27ന്​: ​ബഹുജനപങ്കാളിത്തം ഉറപ്പാക്കും

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പി​െൻറ ഭാഗമായുള്ള 'വണ്‍ മില്യണ്‍ ഗോള്‍' പ്രചാരണ പരിപാടി വിജയമാക്കാന്‍ ജില്ല ഒരുങ്ങുന്നു. 27ന് വൈകീട്ട് മൂന്നുമുതല്‍ ഏഴുവരെ സംസ്ഥാനത്ത് ബഹുജന പങ്കാളിത്തത്തോടെ ഒരുമില്യന്‍ ഗോളുകള്‍ അടിക്കുകയും ഇതിലൂടെ വ്യത്യസ്ത പ്രായപരിധിയിലുള്ള പരമാവധി ആളുകൾക്കിടയിൽ ഫിഫ ലോകകപ്പിനെക്കുറിച്ച് പ്രചാരണം നടത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ബഹുജനപങ്കാളിത്തം ഉറപ്പാക്കാൻ കലക്ടറേറ്റില്‍ എ.ഡി.എമ്മി​െൻറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്തുകളിൽ 2000 ഗോളുകള്‍, മുനിസിപ്പാലിറ്റികളിൽ 10,000 ഗോളുകള്‍, കോര്‍പറേഷനിൽ 15,000 ഗോളുകള്‍ എന്നിങ്ങനെയാണ് ഉദ്ദേശിക്കുന്നത്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ട് ഗോള്‍ പോസ്റ്റും മുനിസിപ്പാലിറ്റിയില്‍ അഞ്ചും കോർപറേഷനില്‍ പത്തും ക്രമീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികളോട് യോഗത്തില്‍ ആവശ്യപ്പെട്ടു. ഓരോ ഗോള്‍പോസ്റ്റിലും രണ്ടുവീതം വളൻറിയര്‍മാരെ നിയോഗിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും തയാറാക്കിയ ഗോള്‍പോസ്റ്റുകളുടെ സ്ഥലം, മറ്റ് വിശദാംശങ്ങള്‍, വളൻറിയര്‍മാരുടെ വിവരം എന്നിവ തിങ്കളാഴ്ച സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിക്കണം. എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രായ- ലിംഗ ഭേദമന്യേ കാമ്പയിനില്‍ പങ്കാളികളാകാം. പങ്കെടുക്കാന്‍ സ്‌കൂളുകള്‍ അതതു പഞ്ചായത്തുകളുമായി ബന്ധപ്പെടണം. സ്‌കൂള്‍-കോളജ്, പൊതു-സ്വകാര്യ കളിസ്ഥലങ്ങള്‍ എന്നിവ കാമ്പയിന് വിനിയോഗിക്കാം. ഒരുവ്യക്തിക്ക് ഒരുഗോള്‍ മാത്രമേ അനുവദിക്കൂ. ഗോള്‍ കീപ്പര്‍ ഉണ്ടാകില്ല. പ്രത്യേകം തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഫോട്ടോകളും മൊബൈല്‍ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യണം. എൻ.എസ്.എസ് കോഒാഡിനേറ്റര്‍മാര്‍, യുവജനക്ഷേമ ബോര്‍ഡി​െൻറ യൂത്ത് കോഓഡിനേറ്റര്‍മാര്‍ തുടങ്ങിയവർക്ക് ഇൗ മാസം 19ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൊബൈല്‍ ആപ്ലിക്കേഷനിൽ പരിശീലനം നൽകും. ഏറ്റവും കൂടുതല്‍ ഗോള്‍ അടിക്കുന്ന പഞ്ചായത്ത്, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, സ്‌കൂള്‍-കോളജ് എന്നിവക്ക് ഉപഹാരം നൽകും. ഓരോ ജില്ലയില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടുപേര്‍ക്ക് വീതം കൊച്ചിയില്‍ നടക്കുന്ന മത്സരം കാണാൻ അവസരം നല്‍കും. വണ്‍ മില്യന്‍ ഗോളി​െൻറ നടത്തിപ്പിന് ജില്ല -തദ്ദേശ സ്വയംഭരണതലങ്ങളില്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കും. ജില്ലതല കമ്മിറ്റിയുടെ ചെയര്‍മാന്‍ കലക്ടറാണ്. നടന്മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്ന സെലിബ്രിറ്റി ഫുട്‌ബാള്‍ മാച്ചും ലോകകപ്പ് പ്രചാരണപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് വി.എ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അസി. കലക്ടര്‍ ഈശ പ്രിയ, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഒ.എന്‍. വിജയന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അനില്‍കുമാര്‍, ഓഫിസര്‍ രാജേഷ്, യൂത്ത്പ്രോഗ്രാം ഓഫിസര്‍ ശ്രീകല, യുവജനക്ഷേമ ബോര്‍ഡ് അംഗം അഫ്‌സല്‍ കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.