ടോൾ ഒഴിവാക്കിപ്പോകാൻ ശ്രമിച്ച ലോറി മരത്തിലിടിച്ചു നെട്ടൂർ: കുമ്പളത്ത് ടോൾ ഒഴിവാക്കിപ്പോകാൻ ശ്രമിച്ച ലോറി അപകടത്തിൽ പെട്ടു. ബുധനാഴ്ച രാവിലെ പത്തോടെയാണ് അരൂർ ഭാഗത്തുനിന്ന് വന്ന ലോറി ടോൾപിരിവ് ഒഴിവാക്കാൻ പി.വി. ശ്രീധരൻ റോഡിലൂടെ കടന്ന് ഇടുങ്ങിയ ജുമാ മസ്ജിദ് റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. ജുമാമസ്ജിദ് റോഡിലെത്തിയപ്പോൾ അമിതവേഗമെടുത്ത ലോറി റോഡരികിെല വീട്ടുവളപ്പിലെ പരുത്തി മരത്തിൽ ഉടക്കി. മരം അപ്പാടെ ലോറിക്ക് മുകളിലേക്ക് ചരിയുകയായിരുന്നു. തൊട്ടടുത്തുതന്നെ വൈദ്യുതി തൂൺ ഉണ്ടായിരുന്നതിനാൽ ലോറി മാറ്റാനാകാത്തനിലയിൽ ഗതാഗതവും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമെത്തി മരം വെട്ടിമാറ്റിയശേഷമാണ് ലോറി മാറ്റി രണ്ടുമണിക്കൂറിലേറെ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറി പനങ്ങാട് സ്റ്റേഷനിലേക്ക് മാറ്റി. ഇടറോഡിലൂടെ ടോൾ വെട്ടിച്ചുവരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതുമൂലം കുട്ടികളെപ്പോലും പുറത്തിറക്കാൻ ഭയമാണെന്ന് പരിസരവാസി പറഞ്ഞു. റോഡരികിലെ വീടുകളിലേക്കുള്ള സർവിസ് വയറും കേബിൾ കണക്ഷനും ലോറികളുടെ ഓട്ടത്തിനിെട പൊട്ടുന്നതും പതിവാണ്. വാഹന ഷോറൂമുകളിലേക്ക് വലിയ ലോറികളിൽ എത്തുന്ന കാറുകൾ, ടോൾ വെട്ടിപ്പിന് ഇവിടെ ഇറക്കി, നമ്പർ പ്ലേറ്റ് പോലുമില്ലാതെ ഇടറോഡുകളിലൂടെ പായുന്നുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ നമ്പറില്ലാതെ പോകുന്ന കാറുകൾ എന്തെങ്കിലും അപകടമുണ്ടാക്കിയാലും കണ്ടുപിടിക്കാനാകാത്ത അവസ്ഥയാണ്. ഇത്തരത്തിൽ നമ്പറില്ലാതെ വാഹന ഷോറൂമിലേക്ക് ഓടിച്ചുപോയ ഒരു കാർ കുമ്പളം ഷാപ്പുപടിയിൽ വയോധികയെ തട്ടിയിട്ട് നിർത്താതെ പോയിരുന്നു. സംഭവത്തിൽ വയോധിക നിസ്സാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു. ജനങ്ങളുടെ സ്വൈര ജീവിതം തകർക്കുന്ന ഇടറോഡുകളിലുള്ള ലോറികളുടെ പരാക്രമം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമ്പളത്ത് പൈപ്പിലൂടെ ഒഴുകുന്നത് കലക്കവെള്ളം നെട്ടൂർ: കുമ്പളത്ത് ജലഅതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് കലക്കവെള്ളമെന്ന് പരാതി. തോട്ടിലെ വെള്ളമെന്ന് തോന്നുന്ന പോലെയുള്ള കലക്കവെള്ളം കുടിച്ച് ജലജന്യരോഗങ്ങൾ പിടിപെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം ശേഖരിക്കാനെത്തുമ്പോൾ പൈപ്പിലൂടെ കലക്കവെള്ളം കിട്ടുന്നതുമൂലം ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണെന്ന് പ്രിയദർശിനി റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.വി. പ്രഭുരാജ് പരാതിപ്പെട്ടു. കുമ്പളത്ത് പൊതുടാപ്പുകളെ ആശ്രയിക്കുന്ന പല ഭാഗങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. തോട്ടിലെ വെള്ളം കലർന്ന് വരുന്നതെന്നുപോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് വെള്ളം കിട്ടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.