മത മൗലികവാദികളെ പ്രതിരോധിക്കണം -കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കാക്കനാട്: മതങ്ങളിലെ നന്മകള്‍ ഉള്‍ക്കൊള്ളാനുള്ള മാനവികദര്‍ശനമാണ് സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതസംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിന് മതത്തിെൻറ അതിര്‍വരമ്പുകള്‍ തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് തൃക്കാക്കര സൗത്ത് എസ്.എന്‍.ഡി.പി ശാഖ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവിക സാഹോദര്യവും മതാന്തര സംവാദവും കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിത്. മതങ്ങളുടെ പേരിെലുള്ള സംഘര്‍ഷങ്ങള്‍ പൂര്‍ണമായും ഇല്ലാതാകണം. മനുഷ്യനെ കൂട്ടിയിണക്കുന്ന കണ്ണികളായും ഉന്നത സംസ്‌കാരത്തിലേക്കുള്ള ചാലകമായും മതങ്ങള്‍ മാറേണ്ടതുണ്ട്. മതങ്ങളുടെ സമന്വയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമായിരുന്നു ശ്രീനാരായണഗുരു ഓര്‍മപ്പെടുത്തിയിരുന്നത്. ഭിന്നതയും മതമൗലികവാദവും പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ മതനേതാക്കള്‍ക്കൊപ്പം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാഖ പ്രസിഡൻറ് വി.ടി. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എല്‍.എ മുഖ്യാതിഥിയായി. മുന്‍ എം.പി പി. രാജീവ്, മുന്‍ എം.എല്‍.എ ബെന്നി ബഹനാന്‍, സംവിധായകന്‍ വിനയന്‍, നഗരസഭ ചെയര്‍പേഴ്സൻ കെ.കെ. നീനു, ഭാരവാഹികളായ എല്‍. സന്തോഷ്, വിനീസ് ചിറക്കപ്പടി എന്നിവര്‍ സംസാരിച്ചു. ഘോഷയാത്ര, സമൂഹസദ്യ, കുടുംബയൂനിറ്റുകളുടെ സംഗമം, കലാപരിപാടികള്‍ എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.