ദേശീയപാതയിലെ കുഴി വീണ്ടും ജീവനെടുത്തു

ആലുവ: ദേശീയപാതയിലെ കുഴികളടക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തത് രക്തസാക്ഷിയെ സൃഷ്്ടിച്ചു. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിലെ കുഴിയില്‍ ചാടിയ ബൈക്ക് യാത്രക്കാരനായ യുവാവാണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചയായിരുന്നു അപകടം. ബൈക്കില്‍നിന്ന് തെറിച്ചുവീണ അമല്‍ പാലത്തി​െൻറ ആര്‍ച് ഭിത്തിയില്‍ തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. 77 വര്‍ഷം പഴക്കമുള്ള മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിരവധി കുഴികളാണുള്ളത്. ഇതുമൂലം വന്‍ ഗതാഗത കുരുക്കാണ് നിത്യവും ദേശീയ പാതയില്‍. ഓണത്തിനുമുമ്പ് സാധാരണ മാര്‍ത്താണ്ഡവര്‍മ പാലത്തിലെ കുഴികള്‍ അടയ്ക്കുന്ന പതിവുണ്ടായിരുന്നു. തിരക്കുള്ള റോഡായതിനാല്‍ പുലര്‍ച്ചയാണ് പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുക. കഴിഞ്ഞ ദിവസം രാത്രിയില്‍ കുഴികളടക്കാന്‍ കരാറുകാര്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ രാത്രിയില്‍ പണി നടത്തിയതുമൂലം ഗതാഗത തടസ്സമുണ്ടാക്കിയെന്ന പേരില്‍ ജോലിക്കാരെ പൊലീസ് തടഞ്ഞുവെച്ചു. ഇതോടെ കുഴിയടയ്ക്കുന്ന ജോലികള്‍ മുടങ്ങി. ദേശീയപാത അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ അനുമതിയായത്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കില്‍ ചെറുപ്പക്കാരന്‍ മരിക്കില്ലായിരുന്നുവെന്ന്് പാലത്തിന് സമീപമുള്ളവര്‍ പറയുന്നു. ദേശീയ പാതയിലെ ആലുവ മേല്‍പ്പാലത്തിന് താഴെ പടിഞ്ഞാറ് ഭാഗത്തെ സര്‍വിസ് റോഡും തകര്‍ന്ന നിലയിലാണ്. ഇവിടെയും അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.