പണമില്ല; ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം മോർച്ചറിയിൽ കിടന്നത് അഞ്ചുദിവസം

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽനിന്ന് ഏറ്റെടുക്കാനാവാതെ കിടന്നത് അഞ്ച് ദിവസം. ഒഡിഷ കണ്ഡമാൽ സ്വദേശി സഞ്ജയ് പ്രധാ​െൻറയും(24), പശ്ചിമ ബംഗാൾ സ്വദേശി അലി മുഹമ്മദി​െൻറയും(70) മൃതദേഹങ്ങളാണ് മോർച്ചറിയിൽ ദിവസങ്ങളോളം കിടന്നത്. 'മീഡിയവൺ' ചാനൽ വാർത്ത പുറത്തുവിട്ടതിനെത്തുടർന്ന് സർക്കാർ തലത്തിൽനിന്ന് ഇടപെടലുണ്ടായി ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ തീരുമാനമായി. മലേറിയ ബാധിച്ചാണ് സഞ്ജയ് പ്രധാൻ മരിച്ചത്. സെപ്റ്റംബർ ഒന്നിന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. തൊഴിൽ തേടി കേരളത്തിലെത്തിയിട്ട് ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് സഞ്ജയ് പ്രധാൻ മരണപ്പെട്ടത്. വന്നതിന് പിറ്റേദിവസംതന്നെ തലകറക്കവും പനിയും ഉണ്ടായ അദ്ദേഹത്തെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മലേറിയ സ്ഥിരീകരിച്ചത്. മരണത്തെത്തുടർന്ന് മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസുഖബാധിതനായി ഗുരുതരാവസ്ഥയിലാണ് സഞ്ജയ് എന്നറിഞ്ഞ് ഭാര്യ ജീവൻദിയും രണ്ട് വയസ്സുള്ള പെൺകുഞ്ഞ് സഞ്ജനയും കേരളത്തിലെത്തി. എന്നാൽ, അവരെ സ്വീകരിച്ചത് പ്രിയതമ​െൻറ ചേതനയറ്റ ശരീരമായിരുന്നു. ഇവർ എത്തിയത് എറണാകുളത്തായതിനാലാണ് സഞ്ജയ് പ്രധാ​െൻറ മൃതദേഹം ഇവിടേക്ക് മാറ്റിയത്. മൃതദേഹം മോർച്ചറിയിൽനിന്ന് ഏറ്റെടുക്കാൻ പണമില്ലാതെ ദൈന്യതയിലായ ഇവർക്ക് തുണയായത് മീഡിയവൺ വാർത്തയായിരുന്നു. ഇവരുടെ നിസ്സഹായാവസ്ഥ വാർത്തയിലൂടെ അറിഞ്ഞാണ് വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടായത്. എത്രയും വേഗം നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. തുടർന്ന് ആശുപത്രിയിലെത്തിയ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല ഇടപെടലുകൾ നടത്തി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ മൃതശരീരം നെടുമ്പാശ്ശേരിയിൽനിന്ന് വിമാനത്തിൽ ഭുവനേശ്വറിൽ എത്തിക്കും. അവിടെനിന്ന് ആംബുലൻസിൽ വീട്ടിലെത്തിക്കാനുള്ള നടപടിയും സ്വീകരിക്കും. അലി മുഹമ്മദി​െൻറ ബന്ധുക്കളാരും എത്താത്തതിനാൽ തീരുമാനമുണ്ടാകാൻ ൈവകി. ന്യുമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അലി മുഹമ്മദ് മരിച്ചത്. തുടർന്ന് മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. അലി മുഹമ്മദിന് പശ്ചിമ ബംഗാളിൽ ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബമാണുള്ളത്. എന്നാൽ, സാമ്പത്തികപ്രശ്നം മൂലം ഇവർക്ക് കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണ്. എന്നാൽ, ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനാണ് ജില്ല ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതിനുണ്ടാകുന്ന ചെലവ് ജില്ല ഭരണകൂടം വഹിക്കും. സഹായിയായി ഒരാളെ ഇവരോടൊപ്പം അയക്കുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.