പറവൂർ: പറവൂരിൽ സർക്കാർ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ തിരുവോണനാളിൽ ഉപവാസസമരം നടത്തുമെന്ന് ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ ടി.എ. ദിലീപ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാല് പതിറ്റാണ്ടുകാലത്തെ പറവൂരിലെ ജനങ്ങളുടെ ആവശ്യമാണ് പറവൂരിൽ സർക്കാർ കോളജ് വേണമെന്നുള്ളത്. 17 വർഷമായി പറവൂരിനെ പ്രതിനിധാനംചെയ്യുന്ന എം.എൽ.എ വി.ഡി. സതീശൻ ഓരോ തെരഞ്ഞെടുപ്പ് സമയത്തും വാഗ്ദാനം നൽകുന്നതാണ് പറവൂരിൽ ഗവൺമെൻറ് കോളജ് കൊണ്ടുവരും എന്നത്. എന്നാൽ, പൊള്ളയായ വാഗ്ദാനം മാത്രമായി അത് മാറുന്നതിൽ പ്രതിഷേധിച്ചാണ് സമരം. നമ്പൂരിയച്ഛൻ ആൽത്തറക്ക് സമീപം രാവിലെ 10 മുതൽ നടക്കുന്ന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനയോഗം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും ഉദ്ഘാടനം നിർവഹിക്കും. ഉപവാസ സമരത്തോടൊപ്പം ഗവൺമെൻറ് കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഭീമഹരജി നൽകും. വാർത്ത സമ്മേളനത്തിൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.ജി. വിജയൻ, അനിൽ ചിറവക്കാട് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.