ആലുവ: സ്വപ്നതുല്യമായ മെട്രോയാത്ര യാഥാർഥ്യമായപ്പോൾ ദീപാവലിക്ക് ഇരട്ടി മധുരം ലഭിച്ച അനുഭവമായിരുന്നു അവർക്ക്. സ്വപ്നം കാണാൻപോലും ആകാത്ത യാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞപ്പോൾ അക്ഷരാർഥത്തിൽ അവർ അമ്പരന്നു. കൊച്ചിയിൽനിന്ന് മെട്രോയിൽ ആലുവയിൽ വന്നിറങ്ങിയപ്പോഴും യാത്രചെയ്തത് സ്വപ്നത്തിലാണോയെന്ന സംശയത്തിലായിരുന്നു പലരും. കൊച്ചി നഗരത്തിൽ തെരുവിൽ അലയുന്ന 54 പേരാണ് ഈ 'സ്വപ്ന യാത്ര' നടത്തിയത്. തേവര സേക്രട്ട് ഹാർട്ട് കോളജിലെ വിദ്യാർഥികളാണ് ഇതിനുള്ള അവസരമൊരുക്കിയത്. ചില വിദ്യാർഥികൾ സാമൂഹിക സേവനത്തിെൻറ ഭാഗമായി തെരുവിൽ അലയുന്നവർക്ക് ബുധനാഴ്ചകളിൽ സൗജന്യ ഭക്ഷണം നൽകാറുണ്ട്. ഈ ദീപാവലിക്ക് പലഹാരങ്ങൾക്ക് പകരം മെട്രോയിൽ യാത്രക്ക് അവസരമൊരുക്കാമെന്ന് കുട്ടികൾ തീരുമാനിക്കുകയായിരുന്നു. റോട്ടറി ക്ലബ് അധികൃതരും കോളജ് മാനേജ്മെൻറും അനുകൂലമായി പ്രതികരിച്ചതോടെ കുട്ടികളുടെ ആശയം യാഥാർഥ്യമായി. ആലുവയിൽ എത്തിയ യാത്രക്കാർ ഏറെ സന്തോഷവാന്മാരായിരുന്നു. പാട്ടും ആട്ടവുമായി യാത്രയെ അവർ അവിസ്മരണീയമാക്കി. വിദ്യാർഥികളും ഇവർക്കൊപ്പം ചേർന്നു. ചേർത്തുനിർത്തി സെൽഫിയെടുക്കാൻ കുട്ടികൾ മത്സരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.