കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റിൽ വിലയിരുത്തൽ. പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ നേടാനായെങ്കിലും പൊതു വോട്ടുകൾ വേണ്ടത്ര സമാഹരിക്കാൻ കഴിഞ്ഞില്ല. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ തങ്ങളാണ് മുന്നിലെന്ന കൊണ്ടുപിടിച്ച പ്രചാരണമായിരുന്നു മണ്ഡലത്തിൽ എൽ.ഡി.എഫ് നടത്തിയത്. ഇതിനെ കരുതലോടെ പ്രതിരോധിക്കാൻ സാധിച്ചെങ്കിലും നിഷ്പക്ഷ വോട്ടർമാരെ സ്വാധീനിക്കുന്നതിന് ഉൗർജസ്വലതയോടെയുള്ള പ്രചാരണ പ്രവർത്തനങ്ങളുണ്ടായില്ല. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്. നിയോജക മണ്ഡലം കമ്മിറ്റിയും ജില്ല കമ്മിറ്റിയും ബൂത്തുതലത്തിലെ വോട്ടിങ് നില സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ജില്ല കമ്മിറ്റി നൽകുന്ന റിപ്പോർട്ട് വിശദമായി ചർച്ചചെയ്യാനും സെക്രേട്ടറിയറ്റ് തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിലുണ്ടായ അനിശ്ചിതത്വം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഹൈദരലി തങ്ങളെ ഭീഷണിപ്പെടുത്തിയാണ് കെ.എൻ.എ. ഖാദർ സ്ഥാനാർഥിത്വം നേടിയെടുത്തതെന്നു വരെ പ്രചാരണമുണ്ടായി. ഇതൊക്കെ നിഷ്പക്ഷ വോട്ടർമാരെയും സ്വാധീനിച്ചിട്ടുണ്ടാകാം. നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വോട്ട് കുറയുന്നതു സംബന്ധിച്ച് ശക്തമായ പരിശോധന ആവശ്യമാണ്. നിലപാടുകളിൽ മാറ്റംവരുത്തേണ്ടതുണ്ടെങ്കിൽ അതും പരിശോധിക്കപ്പെടണമെന്നും അഭിപ്രായമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.