യാത്രക്ക്​ ഇനി ഗതിവേഗം; ബസ്​ ഇടനാഴി വരുന്നു

വടുതല: കൊച്ചി മെട്രോക്ക് പിന്നാലെ സംസ്ഥാന സർക്കാറി​െൻറ ബസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ബി.ആർ.ടി.എസ്) യാത്രക്ക് ഗതിവേഗം ഒരുക്കും. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽനിന്ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലേക്ക് ബസുകൾക്ക് മാത്രമായി 746 കോടി ചെലവിലാണ് ബസ് ഇടനാഴി വരുന്നത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബസ് ഇടനാഴിയിലൂടെയുള്ള യാത്രാസമയം ഒന്നേകാൽ മണിക്കൂർ മാത്രം. എത്ര തിരക്കുണ്ടായാലും 52 കിലോമീറ്റർ വരുന്ന ദൂരം സഞ്ചരിക്കാൻ ഇൗ സമയം മതിയാകും. ബി.ആർ.ടി.എസ് ബസുകൾക്ക് മാത്രമാണ് ഇടനാഴിയിൽ പ്രവേശനം. ദേശീയപാതയെയും ബി.ആർ.ടി.എസ് ഇടനാഴിയെയും ബാരിക്കേഡിന് തിരിച്ചാകും യാത്ര. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ്, ഫയർ എൻജിൻ, വി.വി.ഐ.പി വാഹനങ്ങൾ എന്നിവക്കും ഇതിലൂടെ കടക്കാം. ബസ് സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഉണ്ടാകും. ബസുകൾക്ക് ഇരുവശത്തും വാതിലും ഘടിപ്പിക്കും. സ്റ്റേഷനിൽനിന്ന് ഒരുവശത്തെ വാതിലിലൂടെ മാത്രമേ ബസിൽ കയറാനാകൂ. ബസുകൾക്ക് മാത്രമുള്ള പാതയായതിനാലും വേറെ തടസ്സമില്ലാത്തതിനാലും എത്ര വേഗത്തിൽ വേണമെങ്കിലും ബസ് ഓടിക്കാം. ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് രീതിയിൽ വ്യത്യസ്ത നിരക്കുമുണ്ടാകും. കേരളത്തിൽ ആദ്യമാണെങ്കിലും രാജ്യത്ത് നിലവിൽ എട്ട് ബസ് റാപ്പിഡ് ട്രാൻസിറ്റ് കോറിഡോർ ഉണ്ട്. രാജ്യത്ത് ഏറ്റവും നല്ല ബി.ആർ.ടി.എസ് സംവിധാനമുള്ളത് അഹ്മദാബാദിലാണ്. സംവിധാനമൊരുക്കാൻ ഒരു കിലോമീറ്ററിന് 20 കോടിയാണ് ചെലവ്. നിലവിൽ എരമല്ലൂർ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ദേശീയപാതയിൽ ഒട്ടേറെ ചെറു റോഡുകൾ സന്ധിക്കുന്നുണ്ട്. ഇൗ റോഡുകളിലെ തിരക്ക് കുറക്കാനും ബി.ആർ.ടി.എസ് ഉപകരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.