കൊച്ചി: യാത്രക്കാർക്കായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) പുറത്തിറക്കിയ കൊച്ചി വൺ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ എല്ലാ സ്റ്റേഷനിലേക്കും. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 സ്റ്റേഷനിലും കാർഡ് വാങ്ങാനും റീചാർജ് ചെയ്യാനുമുള്ള സൗകര്യമാണ് നവംബർ ആദ്യവാരം നിലവിൽവരുന്നത്. ഇതോടെ, കൂടുതൽ യാത്രക്കാരെ കൊച്ചി വൺ പ്രീപെയ്ഡ് കാർഡിെൻറ ഗുണഭോക്താക്കളാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ എല്ലാ സ്റ്റേഷനിലും കാർഡ് റീചാർജ് ചെയ്യാമെങ്കിലും തെരഞ്ഞെടുക്കപ്പെട്ട നാല് സ്റ്റേഷനുകളിൽനിന്ന് മാത്രമേ ഇവ വിതരണം ചെയ്യുന്നുള്ളൂ. കാർഡുടമകൾക്ക് യാത്രാനിരക്കിൽ 20 ശതമാനം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ആക്സിസ് ബാങ്കുമായി സഹകരിച്ച് പുറത്തിറക്കിയ ഇത് മെട്രോ യാത്രക്ക് പുറമെ ഷോപ്പിങ്, സിനിമ, മറ്റ് യാത്രാസംവിധാനങ്ങൾ എന്നിവക്കും ഉപയോഗിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ ഒാപൺ മെട്രോ കാർഡ് കൂടിയാണ്. 6000 കാർഡുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെങ്കിലും 20 ശതമാനം പേർ മാത്രമേ മെട്രോ യാത്ര ഒഴിച്ചുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂവെന്ന് കെ.എം.ആർ.എൽ അധികൃതർ പറയുന്നു. വിതരണം ചെയ്തവയിൽ ചിലത് ഇതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നില്ലെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരിഷ്കരിച്ച കാർഡുകൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ തയാറാക്കിയ ഒരു ലക്ഷം കാർഡുകളുടെ വിതരണവും അടുത്തമാസം ആദ്യവാരം ആരംഭിക്കും. പരാതിയുള്ള കാർഡുകൾ മാറ്റി പകരം പരിഷ്കരിച്ചവ നൽകും. ചിപ് കാർഡ് സാേങ്കതികവിദ്യയിൽ പ്രവർത്തിക്കുന്ന കൊച്ചി വൺ കാർഡിൽ കൂടുതൽ ആനുകൂല്യങ്ങളും സേവനങ്ങളും ഉൾപ്പെടുത്താനും ആലോചനയുണ്ട്. ഒക്ടോബർ മൂന്നിനാണ് മെട്രോ സർവിസ് പാലാരിവട്ടത്തുനിന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ നീട്ടിയത്. ഒരുമാസം പൂർത്തിയായ ശേഷം യാത്രക്കാരുടെ ശരാശരി എണ്ണം കണക്കാക്കി ഒരു ദിവസം, ഒരാഴ്ച, ഒരു മാസം എന്നിങ്ങനെ ഉപയോഗിക്കാവുന്ന സീസൺ ടിക്കറ്റുകൾ പുറത്തിറക്കുന്നത് പരിഗണിക്കും. ഇൗ ടിക്കറ്റുകൾക്ക് നിരക്കിളവും അനുവദിക്കും. കൊച്ചി വൺ കാർഡ് വഴി ഒാർഡർ ചെയ്യുന്ന ഉൽപന്നങ്ങൾ മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാക്കുന്ന 'ക്ലിക്ക് ആൻഡ് കലക്ട്' പദ്ധതിയും കെ.എം.ആർ.എല്ലിെൻറ സജീവ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.