കൊച്ചി: ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വാണിജ്യ നികുതി വകുപ്പിെൻറ പരിശോധന നാമമാത്രമായത് നികുതിവെട്ടിപ്പുകാർക്ക് സഹായകമാകുന്നു. വെട്ടിപ്പ് കണ്ടെത്താൻ നടത്തിവന്ന പരിശോധനയടക്കമുള്ള നടപടിക്രമങ്ങളിലെ മാറ്റമാണ് നികുതിയിനത്തിലെ വരുമാനച്ചോർച്ചക്ക് വഴിതുറന്നിരിക്കുന്നത്. ചരക്കുവാഹനങ്ങൾക്ക് പുറമെ നികുതി വെട്ടിച്ച് കടത്തുന്ന സാധനങ്ങൾ കണ്ടെത്താൻ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് നേരേത്ത പരിശോധനകൾ സജീവമായിരുന്നു. നികുതി വെട്ടിക്കുന്നതായി സംശയം തോന്നുന്ന സാഹചര്യങ്ങളിൽ വകുപ്പിലെ ഇൻറലിജൻസ് ഒാഫിസർമാർക്ക് സ്വന്തം നിലക്ക് പരിശോധന നടത്താൻ കഴിയുമായിരുന്നു. എന്നാൽ, ചരക്കുസേവന നികുതി നിലവിൽവന്ന ശേഷം ഇത്തരം പരിശോധനകൾക്ക് വാണിജ്യ നികുതി വകുപ്പ് ജോയൻറ് കമീഷണറുടെ അനുമതി ആവശ്യമാണ്. ഒരു കേസ് ശ്രദ്ധയിൽപ്പെട്ടാൽ മേലുദ്യോഗസ്ഥർ വഴി ജോയൻറ് കമീഷണറെ അറിയിച്ച് അവിടെനിന്ന് അനുമതി കിട്ടിയാൽ മാത്രം തുടർനടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. ജോയൻറ് കമീഷണറുടെ അനുമതി ലഭിക്കണമെങ്കിൽ ചില വ്യവസ്ഥകളും പുതുതായി നിഷ്കർഷിച്ചിട്ടുണ്ട്. പരിശോധനയുടെ ആവശ്യകത, നികുതി വെട്ടിപ്പിെൻറ സ്വഭാവം, നികുതിവെട്ടിപ്പ് സംശയിക്കാനുള്ള കാരണങ്ങൾ എന്നിവ ജോയൻറ് കമീഷണറെ രേഖാമൂലം ബോധ്യപ്പെടുത്തണം. ഇതിന് നിശ്ചിതമാതൃകയിെല ചോദ്യാവലിയുണ്ട്. ചോദ്യാവലി പൂരിപ്പിച്ച് നൽകണമെങ്കിൽ സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തേണ്ടിവരും. ഇങ്ങനെ പരിശോധന സംബന്ധിച്ച് സൂചന ലഭിക്കുന്നവർ ജോയൻറ് കമീഷണറുടെ അനുമതി വരുേമ്പാഴേക്കും സ്ഥലത്തുനിന്ന് ചരക്ക് മാറ്റിയിട്ടുണ്ടാകും. ദിവസവും ലോഡ് കണക്കിന് ചരക്കെത്തുന്ന കൊച്ചിയിലടക്കം വാഹനപരിശോധന കൃത്യമായി നടക്കുന്നുണ്ടെങ്കിലും ഫലത്തിൽ ഇതും വഴിപാടാവുകയാണ്. ബില്ല് നോക്കി ചരക്ക് വിട്ടുകൊടുക്കുന്ന ജോലി മാത്രമേ ഇപ്പോൾ പരിശോധകർക്കുള്ളൂ. ബില്ലില്ലെങ്കിൽ ഉടൻ നടപടി എടുക്കാനാകും. ആധികാരികത ഉറപ്പാക്കാൻ സംവിധാനമില്ലാത്തതിനാൽ ബില്ലിൽ കൃത്രിമം നടത്തി നികുതി വെട്ടിച്ചാൽ കണ്ടെത്താൻ സാധ്യമല്ലെന്ന് വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. --പി.പി. കബീർ--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.