ആലുവ: തിങ്കളാഴ്ച നഗരത്തിലും ബസ് സ്‌റ്റാൻഡിലും അപകടങ്ങളുണ്ടാക്കിയ സിറ്റി ബസുകളുടെ പെർമിറ്റ് റദ്ദാക്കും. അപകടമരണമുണ്ടായ സംഭവത്തിലെ ബസ് ഡ്രൈവറെ റിമാൻഡ് ചെയ്തു. ഇരുബസും ഓടിച്ചിരുന്നവർക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആ.ടി.ഒ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ജോ. ആർ.ടി.ഒ സി.എസ്. അയ്യപ്പൻ ആർ.ടി.ഒക്ക് സമർപ്പിച്ചു. ആലുവ സെൻറ് ഫ്രാൻസിസ് സ്കൂളിന് സമീപം മുപ്പത്തടം തെരുവിപറമ്പിൽ അനീഷ ഡോളിയുടെ ജീവൻ അപഹരിച്ച സ്വകാര്യബസ് ഓടിച്ചിരുന്നത് വെളിയത്തുനാട് ചെറുപള്ളം വീട്ടിൽ ഫസൽ അലിയാണ് (23). ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനഃപൂർവമുള്ള നരഹത്യക്കാണ് കേസെടുത്തത്. സ്‌റ്റാൻഡിൽ നിയന്ത്രണംവിട്ട് ടെർമിനലിനകത്തേക്ക് പാഞ്ഞുകയറിയ ബസ് ഓടിച്ചത് തോപ്പുംപടി അറക്കപ്പറമ്പിൽ മൻസൂർ യാസറാണ് (18). ഇരുബസിലെയും ക്ലീനർമാരാണ് ഇവർ. മൻസൂറിന് പ്രായപൂർത്തിയായോ എന്ന കാര്യത്തിൽ പൊലീസിന് ആദ്യം സംശയമുണ്ടായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ച് 18 വയസ്സ് തികഞ്ഞെന്ന് ഉറപ്പാക്കി. ഇയാളെ ജാമ്യത്തിൽ വിട്ടിരുന്നു. ഫസലിന് പകരം ലൈസൻസുള്ളയാളെ ഹാജരാക്കാൻ നീക്കം നടത്തിയെങ്കിലും തിരിച്ചറിഞ്ഞു. ബസിെൻറ യഥാർഥ ഡ്രൈവറായ സഞ്ചുവിനെയാണ് സ്‌റ്റേഷനിൽ ആദ്യം ബസുടമ ഹാജരാക്കിത്. ഇതേതുടർന്ന് ഇയാൾക്കെതിരെ ആൾമാറാട്ടത്തിനും ബസുടമക്കെതിരെ ആൾമാറാട്ടത്തിന് പ്രേരിപ്പിച്ചതിനും കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.