ചേർത്തല: താലൂക്കിൽ രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ നിരവധി വീടുകൾ വെള്ളത്തിലായി. അന്ധകാരനഴിയിൽ തീരപ്രദേശങ്ങളിൽ പെയ്ത്തുവെള്ളം ഉയർന്നതിനെത്തുടർന്ന് പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു. ഒറ്റമശ്ശേരിയിൽ പുലിമുട്ടിന് സമീപം ശക്തമായ കടൽത്തിര ഉയരുന്നത് ഭീഷണിയായി തുടരുന്നു. ചേർത്തല നഗരസഭയിലെയും മാരാരിക്കുളം തെക്ക് പഞ്ചായത്തിെലയും അഞ്ച്, ആറ് വാർഡും പള്ളിപ്പുറം പഞ്ചായത്ത് ഒമ്പത്, 12 വാർഡുകളിലുമാണ് അധികം വെള്ളം കയറിയിട്ടുള്ളത്. നഗരസഭ അഞ്ചാം വാർഡ് ചിറയിൽ തങ്കച്ചൻ, സുലേഖ, വടക്ക് വീട്ടിൽ ബോസ് എന്നിവരുടെ വീടുകൾ വെള്ളംകയറിയ നിലയിലാണ്. പെയ്ത്തുവെള്ളം കായലിലേക്ക് ഒഴുകിയിരുന്ന തോട് സ്വകാര്യവ്യക്തി നികത്തിയതാണ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളം ഉയരാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പള്ളിപ്പുറം പഞ്ചായത്ത് 12ാം വാർഡ് വേലിക്കകത്ത് കോളനി നിവാസികളാണ് വെള്ളക്കെട്ടുമൂലം ദുരിതത്തിലായത്. ഇവിടെയുള്ള 13 വീട്ടിലും വെള്ളക്കെട്ടാണ്. വേലിക്കകത്ത് പുത്തൻകോളനി വി.ടി. രജിമോൻ, രവി, ബെന്നി, ബൈജു എന്നിവരുടെ വീടുകൾ പൂർണമായും വെള്ളക്കെട്ടിലാണ്. കോളനിയിലെ പരമ്പരാഗത ജലസ്രോതസ്സുകളും കക്കൂസുകളും വെള്ളക്കെട്ടിലായതിനാൽ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. താഴ്ന്നപ്രദേശങ്ങളാണ് പൂർണമായും വെള്ളക്കെട്ടിലായത്. വയലാർ, കടക്കരപ്പള്ളി, തൈക്കൽ, അർത്തുങ്കൽ എന്നിവിടങ്ങളിലും തണ്ണീർമുക്കം, പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ കായലോര മേഖലകളും വെള്ളക്കെട്ട് ഭീഷണിയിലാണ്. തൈക്കൽ അംബേദ്കർ കോളനിയിൽ വെള്ളം ഉയർന്നിട്ടുണ്ട്. മഴ ഒരുദിവസം കൂടി തുടർന്നാൽ ക്യാമ്പ് തുറക്കേണ്ടിവരുമെന്ന് തഹസിൽദാർ പറഞ്ഞു. തുറവൂർ: കഴിഞ്ഞ രാത്രി വീശിയടിച്ച കാറ്റും മഴയും കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളിൽ വ്യാപക നാശംവിതച്ചു. തെങ്ങുകളും കമുകുകളും മരങ്ങളും വാഴകളും ഒടിഞ്ഞും കടപുഴകിയും വീണു. മരങ്ങൾ ലൈനിൽ വീണ് വൈദ്യുതി തകരാറിലായി. കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് തഴുപ്പ് കവലക്ക് സമീപവും ആറാം വാർഡിൽ മലയാളി വായനശാലയുടെ സമീപവും എട്ടാം വാർഡിൽ ഹരിജൻ കോളനിക്ക് സമീപവും 15ാം വാർഡിൽ തുറവൂർ ടി.ഡി സ്കൂളിന് പടിഞ്ഞാറും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതി തകരാറിലായി. തുറവൂർ പഞ്ചായത്ത് കുറുക്കൻ ചന്തക്ക് പടിഞ്ഞാറും കോടംതുരുത്ത് ബാലവാടിക്ക് സമീപവും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് വീണു. പട്ടണക്കാട് വൈദ്യുതി സെക്ഷൻ കീഴിൽവരുന്ന പ്രദേശങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. തീരദേശപ്രദേശവും വയലാർ കവലക്ക് കിഴക്കുഭാഗങ്ങളിലുമായി 12 പോസ്റ്റാണ് ഒടിഞ്ഞത്. 60 സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണത്. പല സ്ഥലത്തും വൈദ്യുതിത്തകരാർ പരിഹരിക്കാനായിട്ടില്ല. ശക്തമായ കാറ്റിനും മഴക്കും പുറമെ വൈദ്യുതി തടസ്സപ്പെട്ടതും ജനജീവിതം ഏറെ ദുരിതപൂർണമാക്കി. കുത്തിയതോട് പഞ്ചായത്ത്: അവിശ്വാസപ്രമേയം പരാജയപ്പെട്ടു തുറവൂർ: കുത്തിയതോട് പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 16 അംഗ പഞ്ചായത്തിൽ അവിശ്വാസപ്രമേയം പാസാകുന്നതിന് ആവശ്യമായ ഒമ്പത് അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തിനെത്തുടർന്നാണ് പരാജയപ്പെട്ടത്. രാവിലെ 10ന് വരണാധികാരി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സലിലയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഭരണപക്ഷത്തുനിന്ന് ആറ് അംഗങ്ങളും പ്രതിപക്ഷത്തുനിന്ന് ഏഴ് അംഗങ്ങളും അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ പ്രമേയത്തെ അനുകൂലിച്ച് ഏഴുപേരും എതിർത്ത് ആറുപേരും വോട്ട് രേഖപ്പെടുത്തി. പ്രമേയം പാസാകുന്നതിന് ആവശ്യമായ ഒമ്പത് വോട്ട് ലഭിക്കാത്തതിനെ തുടർന്ന് അവിശ്വാസപ്രമേയം പരാജയപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും ബി.ഡി.ജെ.എസിെൻറ ഒരംഗവും പെങ്കടുത്തില്ല. കോൺഗ്രസ് ആറ്, സി.പി.എം മൂന്ന്, സി.പി.ഐ മൂന്ന്, ബി.ജെ.പി രണ്ട്, ബി.ഡി.ജെ.എസ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.