ഓർത്തഡോക്സ്​ സഭയിൽ കാതോലിക്ക ബാവയും സഭ ഭാരവാഹികളും തമ്മി​െല ഭിന്നത രൂക്ഷം

കോലഞ്ചേരി: ഓർത്തഡോക്സ് സഭയിൽ കാതോലിക്കയും സഭാസ്ഥാനികളും തമ്മിെല ഭിന്നത മറനീക്കുന്നു. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും സഭ ഭാരവാഹികളും തമ്മിെല ഭിന്നതയാണ് രൂക്ഷമാകുന്നത്. സഭ ഭാരവാഹി തെരഞ്ഞെടുപ്പിൽ കാതോലിക്ക ബാവ പിന്തുണച്ചവർ പരാജയപ്പെട്ട് എതിർ ചേരി ഭാരവാഹിത്വത്തിലെത്തിയതാണ് ഭിന്നതക്ക് കാരണം. സഭ സെക്രട്ടറി സ്ഥാനത്തേക്ക് ജോർജ് ജോസഫ്, ട്രസ്റ്റി സ്ഥാനത്തേക്ക് റോയി മുത്തൂറ്റ്, വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. ജോൺസ് എബ്രഹാം കോനാട്ട് എന്നിവരായിരുന്നു കാതോലിക്ക ബാവയുടെ നോമിനികൾ. എന്നാൽ, തെരഞ്ഞെടുപ്പിൽ ഇവരെ അഡ്വ. ബിജു ഉമ്മൻ (സഭ സെക്രട്ടറി), ജോർജ് പോൾ (സഭ ട്രസ്റ്റി), ഫാ. എം.ഒ. ജോൺ (വൈദിക ട്രസ്റ്റി) എന്നിവർ പരാജയപ്പെടുത്തി. ഇതോടെ സഭയുടെ നിർണായക ജനറൽ ബോഡിയായ മാനേജിങ് കമ്മിറ്റിയിലും കാതോലിക്കക്ക് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. ഇേതതുടർന്ന് കഴിഞ്ഞയാഴ്ച സഭയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് കോട്ടയം പഴയ സെമിനാരിയിൽ ശിൽപശാല സംഘടിപ്പിച്ചിരുന്നു. ഇതിൽ സഭയുടെ ഭരണഘടനയെ സംബന്ധിച്ച് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ക്ലാസെടുക്കുന്നതിനിടെ ഇടപെട്ട വൈദിക ട്രസ്റ്റി സഭയിൽ മലങ്കര മെത്രാപ്പോലീത്ത, കാതോലിക്ക സ്ഥാനങ്ങൾ രണ്ടും രണ്ടായാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും അത് അങ്ങനെ പോകുന്നതാണ് ഉചിതമെന്നും പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ ശിൽപശാലയിൽതന്നെ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തുവരുകയും സോഷ്യൽ മീഡിയയിൽ സഭ ഗ്രൂപ്പുകളിൽ കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതോടെ തർജമയിലെ പിഴവാണ് കാരണമെന്ന വിശദീകരണവുമായി അദേഹം രംഗത്തുവരുകയായിരുന്നു. സഭ ഭരണഘടനയനുസരിച്ച് ഭരണപരമായ അധികാരം മൊത്തം കൈയാളേണ്ടത് മലങ്കര മെത്രാപ്പോലീത്തയും കാതോലിക്ക പദവി വെറും ആലങ്കാരികവുമാണ്. എന്നാൽ, അധികാരത്തർക്കവും ഭിന്നതയും ഒഴിവാക്കുന്നതിന് പതിറ്റാണ്ടുകളായി ഈ രണ്ട് പദവിയും ഒരാൾതന്നെ വഹിച്ചുവരുകയാണ് പതിവ്. പുതിയ സാഹചര്യത്തിൽ കാതോലിക്ക ബാവയെ ദുർബലപ്പെടുത്താൻ ഈ വാദം ഉയർത്തി ഒരുവിഭാഗം ശ്രമിക്കുകയാണെന്നാണ് ബാവയെ അനുകൂലിക്കുന്നവരുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.