ഐ.ഒ.സി സമരം: സമരപ്പന്തലില്‍ സമ്മിശ്ര വികാരം

വൈപ്പിന്‍: തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലെ തീരുമാനം അറിഞ്ഞതോടെ പുതുവൈപ്പ് ഐ.ഒ.സി പ്ലാൻറിനെതിരെ 127 ദിവസമായി ഉപരോധം തീര്‍ത്തിരുന്ന പോരാളികൾക്ക് സമ്മിശ്ര വികാരം. വിദഗ്ധ സമിതിയെ നിയോഗിക്കാനും അവരുടെ റിപ്പോര്‍ട്ട് വരുന്നത് വരെ നിര്‍മാണം നിര്‍ത്തിെവക്കാനുമുള്ള തീരുമാനം ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ആഹ്ലാദത്തോടെയാണ് ശ്രവിച്ചത്. എന്നാല്‍, പദ്ധതി പാടെ ഉപേക്ഷിക്കാത്തതിലും പൊലീസ് അതിക്രമങ്ങളില്‍ നടപടി ഉണ്ടാകാത്തതിലുമുള്ള പ്രതിഷേധവും പ്രതിഫലിച്ചു. സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് കാണിച്ച ആവേശത്തിന് ഇരയായ പലരിലും നിരാശ നിഴലിച്ചു. എങ്കിലും സന്തോഷം മറച്ചുെവക്കാതെ ഇവര്‍ സമരപ്പന്തലില്‍ ഒത്തുചേര്‍ന്നു. മേളവും താളവും തീര്‍ത്തു. കലാലയ സംഘടനയായ ഉല്‍ക്ക പ്രവര്‍ത്തകര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ചർച്ചയിലെ തീരുമാനത്തെ തുടർന്ന് കമ്പനി കവാടത്തിന് എതിര്‍വശം റോഡരികിലെ സമരപ്പന്തൽ സമരക്കാർ താല്‍ക്കാലികമായി ഒഴിവാക്കി. തിരുവനന്തപുരത്ത് ചര്‍ച്ചക്കായി സമരസമിതി കണ്‍വീനര്‍ എം.ബി. ജയഘോഷ്, കണ്‍വീനര്‍ കെ.എസ്. മുരളി, തിരുവനന്തപുരം സ്വദേശിനി മത്സ്യത്തൊഴിലാളി പ്രവര്‍ത്തക മാംഗ്ലി ഫിലോമിന, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി രാജു, ഗിരിജ അശോകന്‍, കേരള കോണ്‍ഗ്രസ് ബി നേതാവ് ജോണി ഞാറക്കൽ എന്നിവർ ഇന്നലെ പുലര്‍ച്ചയാണ് യാത്രതിരിച്ചത്. കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസ് കെ.മാണി എം.പി, മോൻസ് ജോസഫ് എം.എല്‍.എ, ഐ.സി.യു.എം ദേശീയ പ്രസിഡൻറ് സിജു അമ്പാട്ട്, കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻറ് പ്രദീപ് മാത്യു, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജിബ് റഹ്മാന്‍, എന്‍.സി.പി ന്യൂനപക്ഷസെല്‍ പ്രസിഡൻറ് എന്‍.എച്ച്. റഷീദ് തുടങ്ങിയവര്‍ ഉച്ചക്ക് സമരക്കാരെ അഭിസംബോധന ചെയ്തു. വൈകീട്ട് തൃശൂര്‍ ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ സമരപ്പന്തലിലെത്തി. പി.ഡി.പി, കെ.എല്‍.സി.എ സംഘടനകളുടെ പ്രവര്‍ത്തകര്‍ പിന്തുണ അറിയിച്ച് സമരവേദിയിലേക്ക് മാര്‍ച്ച് നടത്തി. ഞായറാഴ്ച നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എ.ഐ.വൈ.എഫ്.ഐ. സംസ്ഥാന സമിതി അംഗം കെ.എസ്. ജയദീപ് , പ്രശാന്ത്, ബിജു കണ്ണങ്ങനാട്ട്, ഷീല, സൈനുദ്ദീന്‍, വിനു, മിനി സജീവ്, സേവ്യര്‍ ചെമ്മായത്ത്, അമ്പ്രോസ്, സുജിത്ത്, സ്വാതിഷ് സത്യന്‍ തുടങ്ങി ഇരുപതോളം പേര്‍ സമരവേദിയിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.