പട്ടിക വിഭാഗങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിലെ കാലതാമസം ഗൗരവ​െമന്ന് നിയമസഭ സമിതി

കാക്കനാട്: െകാല്ലപ്പെട്ട ജിഷയുടെ പിതാവ് രോഗശയ്യയിൽ കഴിയുന്ന പാപ്പുവിന് സഹായം ലഭ്യമാക്കണമെന്ന പട്ടികജാതി, വർഗ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നിവേദനം സർക്കാറിന് സമർപ്പിക്കുമെന്ന് നിയമസഭ പട്ടികജാതി, പട്ടികവർഗ ക്ഷേമസമിതി അറിയിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ കാലതാമസം ഗൗരവമായാണ് കാണുന്നതെന്ന് സമിതി ചെയർമാൻ ബി. സത്യൻ എം.എൽ.എ പറഞ്ഞു. കുറുങ്കോട്ട ദ്വീപ് വികസനവുമായി ബന്ധപ്പെട്ട ഹൈബി ഈഡൻ എം.എൽ.എ ഉന്നയിച്ച പരാതിയാണ് സമിതി ആദ്യം പരിഗണിച്ചത്. ദ്വീപിലേക്ക് പാലം നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് സമിതി നിർദേശം നൽകി. കോളനിയുടെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ വിലയിരുത്തി. കുറുങ്കോട്ട ദ്വീപിനെ സ്വയംപര്യാപ്ത കോളനിയായി െതരഞ്ഞെടുത്തിട്ടുണ്ടെന്നും ഭവന നിർമാണം, സംരക്ഷണ ഭിത്തി, തയ്യൽ മെഷീൻ വിതരണം, ബോട്ട് ജെട്ടി നിർമാണം, ഓട നിർമാണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കിയെന്ന് ജില്ല പട്ടികജാതി വികസന ഓഫിസർ അബ്ദുൽ സത്താർ അറിയിച്ചു. കോളനിക്കുള്ളിൽ റോഡ് നിർമിക്കുന്നതിന് സ്വകാര്യവ്യക്തി സ്ഥലം നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്നം തീർപ്പാക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. സ്ഥലം പൊന്നുംവിലക്കെടുക്കുന്നത് പരിഗണിക്കാനും സമിതി നിർദേശിച്ചു. 180 ഏക്കർ വിസ്തൃതിയുള്ള എടവനക്കാട് പഞ്ചായത്തിലെ ചെമ്മീൻ കൃഷമൂലം പട്ടികജാതി കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന വി.കെ. നിർമലയുടെ പരാതിയിന്മേൽ അന്വേഷണം നടത്തും. വീടിനോട് ചേർന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് കോലഞ്ചേരി സ്വദേശി കെ.കെ. മണി സമർപ്പിച്ച പരാതിയിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കും. മരട് വളന്തകാട്ടിലേക്ക് കോൺക്രീറ്റ് പാലവും ടാർ റോഡും നിർമിക്കാൻ ശോഭസിറ്റി സ്ഥലം വിട്ടുനൽകുന്നില്ലെന്ന പരാതി ചർച്ചചെയ്യും. പാലം നിർമിക്കാൻ ശുപാർശ നൽകും. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന പരാതി ഗൗരവമായി പരിഗണിക്കാൻ സമിതി നിർദേശം നൽകി. ഫെൻസിങ്ങിന് ൈട്രബൽ ഓഫിസറെ ചുമതലപ്പെടുത്തി. കൂടാതെ റോഡ് നിർമാണത്തിന് വനം വകുപ്പിനോട് ശുപാർശ ചെയ്യും. കാക്കനാട് സർക്കാർ യൂത്ത് ഹോസ്റ്റലിൽ കരാട്ടെ ക്ലാസിന് അധിക വാടക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. 1700 രൂപയായിരുന്ന വാടക 5000 രൂപയായാണ് വർധിപ്പിച്ചതെന്ന് കരാട്ടെ ക്ലാസ് നടത്തുന്ന സുമ പരാതിയിൽ പറയുന്നു. ദേശീയ തലത്തിൽ കേരളത്തിനുവേണ്ടി ആറ് സ്വർണ മെഡൽ നേടിയ താരമാണ് സുമ. സുമയുടെ പരാതി പ്രത്യേക കേസായി പരിഗണിക്കാനും സമിതി നിർദേശിച്ചു. നേര്യമംഗലത്ത് ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്തതിൽ ക്രമക്കേട് നടന്നുവെന്നും അർഹർക്ക് ഭൂമി ലഭിച്ചില്ലെന്നുമുള്ള പരാതി അന്വേഷിക്കാൻ സർക്കാറിന് ശിപാർശ നൽകും. എം.എൽ.എമാരായ ചിറ്റയം ഗോപകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി തോമസ് ചേറ്റുപറമ്പിൽ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.