കരാർ തൊഴിലാളികൾക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യം പൊതുസമ്മേളനം നടത്തി വിതരണം ചെയ്യുന്നു

നെടുമ്പാശ്ശേരി-: കരാറുകാർക്ക് നിഷേധിക്കപ്പെട്ട ഗ്രാറ്റ്വിറ്റി പൊതുസമ്മേളനം നടത്തി കമ്പനിയുടമതന്നെ നൽകുന്നു. വിമാനത്താവളത്തിലെ കരാർ ഏജൻസിയിലെ 52 ജീവനക്കാർക്കാണ് ഇത്തരത്തിൽ ആനുകൂല്യം വിതരണം ചെയ്യുന്നത്. നാലുവർഷവും ആറുമാസവും തുടർച്ചയായി ജോലി ചെയ്തവർക്ക് ഗ്രാറ്റ്വിറ്റി നൽകണമെന്നാണ് നിയമം. എന്നാൽ, പലരും നൽകാറില്ല. ഇതിനെതിരെ കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് ലേബർ കോടതിയെ സമീപിച്ചു. തുടർന്നാണ് അഞ്ചുവർഷം ജോലിയെടുത്ത 52 തൊഴിലാളികൾക്കും കൂടി 10 ലക്ഷം രൂപ ഗ്രാറ്റ്വിറ്റിയായി നൽകാൻ കരാറുകാരൻ തയാറായത്. 20ന് രാവിലെ വിമാനത്താവളത്തിനടുത്ത് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ യൂനിയൻ പ്രസിഡൻറ് വി.പി. ജോർജ്, അൻവർ സാദത്ത് എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്പനിയുടമ തുക വിതരണം ചെയ്യുന്നത്. പണം ഈടാക്കിയശേഷം നികുതിയടക്കുന്നില്ല; തൊഴിലാളി യൂനിയൻ സമരത്തിലേക്ക് നെടുമ്പാശ്ശേരി: -വിമാനത്താവളത്തിലെ വിവിധ കരാർ ഏജൻസികൾ തൊഴിലാളികളിൽനിന്ന് പിരിച്ചെടുക്കുന്ന തൊഴിൽ നികുതി പഞ്ചായത്തിൽ അടക്കുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്താൻ തൊഴിലാളികൾക്ക് കഴിയുന്നില്ല. കരാറുകാർക്ക് ഒത്താശ ചെയ്യുന്ന നെടുമ്പാശ്ശേരി പഞ്ചായത്ത് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനുമുന്നിൽ ഏകദിന ഉപവാസം നടത്തുമെന്ന് കേരള സിവിൽ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡൻറ് വി.പി. ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലായിരത്തോളം കരാർ തൊഴിലാളികളുടെ നികുതിവിഹിതമാണ് ശമ്പളത്തിൽനിന്ന് പിടിച്ചെടുത്തിട്ടുള്ളത്. നികുതി കരാറുകാരിൽനിന്ന് സ്വീകരിക്കുകയോ തൊഴിലാളികളിൽനിന്ന് നികുതി വിഹിതം പിടിച്ചെടുക്കുന്നത് നിർത്തുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ജീമോൻ കയ്യാല, സിജോ തച്ചപ്പിള്ളി, കെ.ടി. കുഞ്ഞുമോൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.