ആലുവ: ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്നവരെയും ഉടമകളെയും മാനസികമായി തളർത്തുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്‌ഥാന പ്രസിഡൻറ് തമ്പി നാഷനൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വാണിജ്യ പരസ്യങ്ങൾക്ക് വിലക്കുകളൊന്നും ഇല്ലാതിരുന്നിട്ടും പരസ്യപ്രക്ഷേപണങ്ങൾക്ക് അധികൃതർ അനുമതി നിഷേധിക്കുകയാണ്. മൈക്ക് ഉപയോഗിക്കാൻ അനുമതിയെടുക്കുന്ന സംഘാടകർക്കെതിരെയാണ് നിയമം ലംഘിച്ചാൽ നടപടിയെടുക്കേണ്ടത്. സമസ്ത മേഖലകളിൽ ജോലിയെടുക്കുന്നവർക്കും ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളെ മാത്രം അവഗണിക്കുന്നു. കോളാമ്പി ഉൾപ്പെടെ നിരോധിക്കപ്പെട്ട ഉപകരണങ്ങളുടെ വിൽപന കർശനമായി തടയണമെന്നതടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സമരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. സംഘടനയുടെ രണ്ടാം ജില്ല സമ്മേളനം 25 മുതൽ 27 വരെ ആലുവയിൽ വിവിധ പരിപാടികളോടെ നടക്കും. 25ന് തൃപ്പൂണിത്തുറയിൽനിന്ന് പതാകജാഥയും പിറവത്തുനിന്ന് കൊടിമര ജാഥയും ആരംഭിക്കും. വൈകീട്ട് അഞ്ചിന് പറവൂർ കവലയിൽനിന്ന് ഇരുജാഥകളും ആലുവ ടൗൺ ഹാളിനു മുമ്പിലെത്തും. ജില്ല പ്രസിഡൻറ് കെ.എ. വേണുഗോപാൽ കൊടിയുയർത്തും. സാംസ്കാരിക സമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. 26ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം തമ്പി നാഷനൽ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എച്ച്. ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തും. 27ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് കെ.എ. വേണുഗോപാൽ ജോയി പരിയാരം, ബിജുമാത്യു, എ.കെ. ശശികുമാർ, കെ.കെ. നാസർ, ടി.എസ്. ഷാജി, എ.എം.എ. റഷീദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.