കൊച്ചി നഗരത്തി​െൻറ ശ്വാസത്തിനുമേൽ മഴുവീഴാൻ ഒരുങ്ങുന്നു

കൊച്ചി: നഗരത്തിന് നടുവിൽ ഏക്കർ കണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന മംഗളവനത്തിനുമേൽ മഴുവീഴാൻ ഒരുങ്ങുന്നു. പഴയ റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണത്തിനായാണ് മംഗളവനത്തിന് ചുറ്റുമുള്ള സംരക്ഷിത മേഖലയിലെ നൂറ്റിഎൺപതിൽപരം മരങ്ങൾ മുറിച്ച് മാറ്റാനുള്ള നീക്കം. പുഴയും കായലും മണ്ണും വായുവും വരെ മലിനീകരിക്കപ്പെട്ട കൊച്ചിയുടെ ജീവതാളം നിലനിർത്തുന്നത് ഈ പച്ചപ്പാണെന്ന് പറഞ്ഞാൽ അതിശയോക്തിയുണ്ടാവില്ല. വികസനത്തി​െൻറ പേരിൽ ഇവയുടെ കടയ്ക്കൽ മഴു വീഴുേമ്പാൾ വേരറ്റ് പോകുന്നത് കൊച്ചിയിലെ ശുദ്ധവായു ആയിരിക്കും എന്ന മുന്നറിയിപ്പാണ് പരിസ്ഥിതി പ്രവർത്തകർ നൽകുന്നത്. എറണാകുളത്തെ പഴയ റെയിൽേവ സ്റ്റേഷൻ ഈ മേഖലയിലാണ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മംഗളവനത്തിന് ചുറ്റുമുള്ള രണ്ട് കിലോമീറ്ററോളം ഭാഗം സംരക്ഷിത പ്രദേശമായി പ്ര‍ഖ്യാപിച്ചത്. ഇവിടെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന വന്യജീവി വകുപ്പി​െൻറ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ, മരം മുറിക്കുന്നതുസംബന്ധിച്ച് ഒരു ആവശ്യവും വകുപ്പിൽ ലഭിച്ചിട്ടില്ല. കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗരപ്രദേശത്തുള്ളത് മംഗളവനം മാത്രമാണ്. നഗരത്തിലെ ഒരു ദ്വീപിൽ 0.0274 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് മംഗളവനം. ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പ്രദേശമായതിനാലാണ് ചുറ്റുമുള്ള സ്ഥലവും സംരക്ഷിതമാക്കിയത്. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്. കണ്ടൽവനങ്ങളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. ഇവിടെ നിലവിലുള്ള കെട്ടിടങ്ങൾതന്നെ പക്ഷികളുടെ സ്വൈരവിഹാരത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. 32 ഇനത്തിൽപെടുന്ന നൂറ്റിതൊണ്ണൂറ്റിഅഞ്ചിലധികം പക്ഷികൾ ഇവിടെയുള്ളതായി 2006 മേയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 17 ഇനത്തിൽപെട്ട ചിത്രശലഭങ്ങളും 51 വർഗത്തിൽപെട്ട ചിലന്തികളും ഇവിടെയുള്ളതായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇവയുടെയെല്ലാം നാശത്തിന് വഴിവെക്കുന്ന നടപടിയുമായാണ് റെയിൽേവ മുന്നോട്ട് പോകുന്നതെന്നാണ് ആക്ഷേപം. സംഭവം വനം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി സംസ്ഥാന വന്യജീവി ബോർഡ് അംഗം കെ. ബിനു 'മാധ്യമ'ത്തോട് പറഞ്ഞു. സ്ഥലം എം.എൽ.എ ഹൈബി ഈഡൻ അടക്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ കൊച്ചിയിൽ പ്രതിഷേധം നടക്കും. ഷംനാസ് കാലായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.