കൊച്ചി: തിരുവനന്തപുരം മൂക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവർത്തനം സർക്കാറിനുണ്ടാക്കിയ നഷ്ടം 291.29 കോടി. മൂക്കുന്നിമലയിലെ അനധികൃത ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ കെ.വി. രാജീവ് നൽകിയ ഹരജിയിൽ വിജിലൻസ് ഹൈകോടതിയെ അറിയിച്ചതാണിക്കാര്യം. ക്വാറികൾ നിലനിൽക്കുന്ന സ്ഥലത്തുമാത്രം വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ 61 ഭൂമി കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുത്തു തുടങ്ങി. നഷ്ടത്തിനുത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും വിജിലൻസ് ഡിവൈ.എസ്.പി ജെ. പ്രസാദ് വിശദീകരണ പത്രികയിൽ പറയുന്നു. പ്രത്യേക സംഘത്തിെൻറ സർവേ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് പത്രിക തയാറാക്കിയത്. റബർ കൃഷിക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണെന്ന് വ്യക്തമാക്കാതെ മൂക്കുന്നിമലയിൽ ക്വാറികൾക്ക് അനുമതി തേടുകയായിരുന്നെന്ന് വ്യവസായ വകുപ്പും അറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ നാലുപേർക്കാണ് അനുമതി നൽകിയത്. റബർ കൃഷിക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണെന്ന് കണ്ടെത്തി നടപടി തുടങ്ങിയതോടെ ഇവർ ഹൈകോടതിയിലെത്തി. ക്വാറികൾ തുടരാൻ സിംഗിൾ ബെഞ്ച് അനുമതി നൽകുകയായിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലാണെന്നും വിശദീകരണത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.