ചെങ്ങന്നൂർ: ബസിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ടുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാൾ ഒളിവിലാണ്. ചെങ്ങന്നൂർ വാഴാർമംഗലം കല്ലുഴത്തിൽ വീട്ടിൽ സന്ദീപ് (19), തിരുവൻവണ്ടൂർ ഉമയാറ്റുകര കണ്ടത്തിൽ തറയിൽ ജിതിൽ (20) എന്നിവരെ ചെങ്ങന്നൂർ എസ്.ഐ. എം. സുധിലാലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി മംഗലം ഉമ്മാത്തറവീട്ടിൽ സംഗീതാണ് (22) ഒളിവിലുള്ളത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് മൂന്നംഗ സംഘം മോഷണം നടത്തിയത്. ബൊലേറോ കാറിലാണ് മോഷണസംഘം എത്തിയത്. തിരുവൻവണ്ടൂർ നാലാം വാർഡിൽ ലൈബ്രറി കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിലെ ബാറ്ററിയാണ് ഇളക്കിയെടുത്തത്. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി അറിയുന്നത്. തുടർന്ന് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സജീവിനെയും ജിതിനെയും വ്യാഴാഴ്ച ഉച്ചക്ക് വീടിന് സമീപംവെച്ച് പിടികൂടുകയായിരുന്നു. മോഷ്ടിച്ച ബാറ്ററി മുണ്ടൻകാവിലെ ആക്രിക്കടയിൽ 2500 രൂപക്ക് വിറ്റതായി ഇവർ പൊലീസിനോട് സമ്മതിച്ചു. ആക്രിക്കടയിൽനിന്നും ബാറ്ററി പൊലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഒളിവിൽ കഴിയുന്ന സംഗീത് മോഷണം, ഭവനഭേദനം അടക്കമുള്ള കേസുകളിൽ പ്രതിയും ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളുമാണെന്ന് പൊലീസ് പറഞ്ഞു. പ്രൊബേഷൻ എസ്.ഐ എസ്.വി. വിജു, എസ്.ഐ മുരളി, സിവിൽ പൊലീസ് ഓഫിസർമാരായ ബാലകൃഷ്ണൻ, നിരൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.