ആലുവ: കൗൺസിലറുടെ മൗനാനുവാദത്തോടെ നഗരമധ്യത്തിൽ റോഡ് കൈയേറി സ്വകാര്യ വ്യക്തി നിർമിച്ച പഴക്കട നഗരസഭ പൊളിച്ചു. റോഡരികിൽ കടക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഭൂമി തങ്ങളുടേതല്ലെന്ന മറുപടിയാണ് നഗരസഭക്ക് ലഭിച്ചത്. തുടർന്നാണ് നഗരസഭ കട നിർമിച്ചയാൾക്ക് നോട്ടീസ് നൽകി പൊളിപ്പിച്ചതെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം, സെക്രട്ടറി കെ.യു. ബിനി എന്നിവർ അറിയിച്ചു. ജില്ല ആശുപത്രിയുടെ എതിർവശം ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡിനോട് ചേർന്നാണ് 500 ചതുരശ്ര അടിയിൽ ഓലഷെഡ് നിർമിച്ചത്. നേരേത്ത മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലമായിരുന്നു. മാലിന്യം നീങ്ങികിട്ടുമല്ലോയെന്ന് പറഞ്ഞ് കൈയ്യേറ്റക്കാർക്ക് ഒരു കൗൺസിലർ കൂട്ടുനിൽക്കുകയും ചെയ്തേത്ര. ഇന്നലെ മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ കൈയേറ്റക്കാരന് 80,000 രൂപയുടെ നഷ്ടമുണ്ടാകുമെന്നും സഹായിക്കണമെന്നും പറഞ്ഞ് ചിലർ നഗരസഭ അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, നഗരസഭ ഇതിന് വഴങ്ങാതെ കർശന നടപടി സ്വീകരിക്കുകയായിരുന്നു. നഗരസഭയിലെ സ്വതന്ത്ര കൗൺസിലർ സെബി വി. ബാസ്റ്റിനും, ബി.ജെ.പി അംഗം എ.സി. സന്തോഷ്‌കുമാറുമാണ് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്. നഗരത്തിൽ വാഹനങ്ങൾ പോലും നിർത്തിയിടാൻ കഴിയാതെ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സന്ദർഭത്തിലാണ് ഇത്തരം കൈയേറ്റത്തിന് ചിലർ ഒത്താശ ചെയ്യുന്നതെന്നാണ് ആരോപണം. നഗരത്തിൽ അനധികൃത നിർമാണം വ്യാപകമാണ്. ഫയർ സ്റ്റേഷന് സമീപം നിർമാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങൾ കെട്ടിടനിർമാണ ചട്ടം ലംഘിച്ചിട്ടുണ്ട്. റോഡിൽ നിന്നും മൂന്ന് മീറ്റർ ഇറക്കി കെട്ടിടം നിർമിക്കണമെന്ന ചട്ടം പലരും പാലിച്ചിട്ടില്ല. നഗരസഭ അംഗീകരിച്ച പ്ലാനിൽനിന്നും വ്യത്യസ്തമായി കെട്ടിടം നിർമിച്ചാലും കെട്ടിട നമ്പർ നൽകുന്നതാണ് നിയമലംഘകർക്ക് തുണയാകുന്നത്. റോഡിലേക്ക് വരാന്ത നിർമിക്കുന്ന കെട്ടിട ഉടമ പിന്നീട് ആ സ്ഥലം സ്വന്തമാക്കുന്ന പ്രവണതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.