കൊച്ചി: ആസൂത്രണമില്ലാതെ നടത്തുന്ന ഹയർ സെക്കൻഡറി അധ്യാപകരുടെ പരിശീലനം അധ്യയനം താളംതെറ്റിക്കുന്നതായി പരാതി. ജൂണിൽ ക്ലാസ്തുടങ്ങുന്നതിനുമുമ്പ് ആരംഭിച്ച ഐ.ടി പരിശീലനം തുടരുകയാണ്. ജൂൺ അവസാനം നടന്ന ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെൻറ് പരീക്ഷ ജോലിയും മൂല്യനിർണയവും കഴിഞ്ഞ് അധ്യാപകർ സ്കൂളിൽ തിരിച്ചെത്തുന്നത് ജൂലൈ ആദ്യവാരമാണ്. തൊട്ടടുത്ത ദിവസങ്ങളിലായി ഇതേ അധ്യാപകർ നാലുദിവസത്തെ ഐ.ടി പരിശീലനത്തിലും പങ്കെടുത്തു. അഡ്മിഷൻ ജോലികൾകൂടി നിർവഹിക്കേണ്ടി വരുന്നതോടെ അധ്യാപകർക്ക് വീണ്ടും ക്ലാസുകൾ നഷ്ടപ്പെടുകയാണ്. വിലപ്പെട്ട അധ്യയന സമയമാണ് അനവസരത്തിലുള്ള പരിശീലന പരിപാടികളിലൂടെ നഷ്ടമാകുന്നത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റും ഐ.ടി അറ്റ് സ്കൂളും തമ്മിൽ ധാരണയില്ലാത്തതാണ് ക്ലാസുകൾ താളം തെറ്റാൻ കാരണമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറി മേഖലയിലെ അക്കാദമിക അന്തരീക്ഷം സുഗമമാക്കാൻ ഹയർ സെക്കൻഡറി ഡയറക്ടർ ഇടപെടണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം. രാധാകൃഷ്ണൻ, ജന. സെക്രട്ടറി ഡോ.സാബുജി വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.