ഹരിതകേരളത്തിലൂടെ കതിരണിഞ്ഞത് 490 ഹെക്ടർ തരിശ്; ഈ വർഷം 55.17 കോടിയുടെ പദ്ധതികൾ

ആലപ്പുഴ: ഹരിതകേരളം പദ്ധതിയിലൂടെ ജില്ലയിൽ തരിശുകിടന്ന 490.12 ഹെക്ടർ നിലം കതിരണിഞ്ഞു. മന്ത്രി ജി. സുധാകര​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന ഹരിതകേരളം അവലോകന യോഗത്തിൽ കലക്ടർ വീണ എൻ. മാധവൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 39 തരിശുപാടശേഖരങ്ങളിലാണ് നെൽകൃഷിയിറക്കിയത്. കൃഷിഭവനുകളിലൂടെ 1.03 ലക്ഷം പച്ചക്കറിവിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു. 440 ഹെക്ടറിൽ ജൈവപച്ചക്കറി കൃഷിയിറക്കി. 100 ഹെക്ടറിൽ കരനെൽകൃഷി നടപ്പാക്കി. വിദ്യാർഥികൾക്ക് 75,000 പാക്കറ്റ് പച്ചക്കറിവിത്ത് നൽകി. 75,000 ഗ്രോബാഗുകൾ വിതരണംചെയ്തു. 520 പാടശേഖരങ്ങളിലെ 37,000 ഹെക്ടറിൽ സുസ്ഥിര നെൽകൃഷി വികസന പദ്ധതി നടപ്പാക്കി. സവിശേഷ നെല്ലിനങ്ങളുടെ കൃഷി 105 ഹെക്ടറിൽ നടപ്പാക്കുന്നു. പഴയ സാധനങ്ങൾ പുനരുപയോഗിക്കാനുള്ള സൗകര്യമൊരുക്കി 10 സ്വാപ് ഷോപ്പുകളാണ് തുറന്നത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലൂടെ മണ്ണ്-, ജല സംരക്ഷണത്തിനായും മറ്റും 59 കോടിയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 9730 കുളങ്ങളും 3960 കിണറുകളുമാണ് പുനരുജ്ജീവിപ്പിച്ചത്. 501 കുളങ്ങളും 106 കിണറുകളും നിർമിച്ചു. 39 ചിറകൾ വൃത്തിയാക്കി. 3,52,540 മീറ്റർ നീളത്തിൽ തോടുകൾ വൃത്തിയാക്കി. 2,97,694 മീറ്റർ നീളത്തിൽ തോടുകൾ പുനരുജ്ജീവിപ്പിച്ചു. 75,172 മീറ്റർ നീളത്തിൽ ജലസേചന കനാലുകൾ വൃത്തിയാക്കി. 5620 മീറ്റർ നീളത്തിൽ തോട് പുതുതായി നിർമിച്ചു. സാമൂഹിക വനവത്കരണ വിഭാഗം 7.32 ലക്ഷം തൈകളും 1.8 ലക്ഷം തേക്കിൻ സ്റ്റമ്പുകളും വിതരണംചെയ്തു. ഹരിതകേരളം മിഷൻ പദ്ധതികൾക്കായി ഗ്രാമപഞ്ചായത്തുകൾ 38.42 കോടിയുടെ 442 പദ്ധതികളും നഗരസഭകൾ 16.75 കോടിയുടെ 118 പദ്ധതികളുമാണ് ഈ വർഷം നടപ്പാക്കുക. 132 സ്‌കൂളുകളിൽ ജൈവകൃഷിയും 102 സ്‌കൂളുകളിൽ വാഴകൃഷിയും നടപ്പാക്കി. 69 സ്‌കൂളുകളിൽ ഫലവൃക്ഷൈത്തകൾ നട്ടു. 35 യു.പി സ്‌കൂളുകളിൽ ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങി. കൂടുതൽ പദ്ധതികളെ ഹരിതകേരളവുമായി ബന്ധിപ്പിച്ച് ഫലപ്രദമായി വിനിയോഗിക്കണമെന്നും മിഷ​െൻറ വസ്തുത റിപ്പോർട്ട് ജൂലൈ 31നകം നൽകണമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഹരിതകേരളം വിദ്യാലയങ്ങളിൽ വലിയ മാറ്റവും മുന്നേറ്റവും ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.