മൂവാറ്റുപുഴ: ഡെങ്കിപ്പനിയടക്കം പടർന്നുപിടിച്ച് മൂന്നുപേർ മരിക്കുകയും നൂറുകണക്കിനാളുകൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്ന പായിപ്ര പ ഞ്ചായത്തിൽ കൊതുകുനശീകരണത്തിനുള്ള ഫോഗിങ് മെഷീനുകൾ കേടായിട്ട് ഒരുവർഷം പിന്നിട്ടു. ഡെങ്കിപ്പനിയടക്കം പടരുമ്പോഴാണ് കൊതുകു നശീകരണത്തിനുള്ള യന്ത്രങ്ങൾ പഞ്ചായത്ത് ഒാഫിസിൽ വിശ്രമിക്കുന്നത്. നാല് യന്ത്രങ്ങളാണ് പായിപ്ര പഞ്ചായത്തിലുള്ളത്. എന്നാൽ, കേടായ മെഷീനുകൾ അറ്റകുറ്റപ്പണി തീർത്ത് ഉപയോഗപ്പെടുത്താൻ തയാറായിട്ടില്ല. ഈ സീസണിൽ സംസ്ഥാനത്ത് ആദ്യമായി ഡെങ്കിപ്പനി പടർന്നുപിടിച്ചത് പായിപ്ര പഞ്ചായത്തിലാണ്. എന്നിട്ടും ശുചീകരണവും കൊതുകുനശീകരണവും കാര്യക്ഷമമല്ല. വ്യാപക പരാതി ഉയർന്നിട്ടും അധികൃതർ മെഷീനുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ തയാറായില്ല. ഫണ്ടിെല്ലന്നാണ് കാരണം പറയുന്നത്. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ കൊതുകുവളർത്തൽ കേന്ദ്രമായി മാറിയതോടെ യന്ത്രം നന്നാക്കാൻ പഞ്ചായത്ത് അംഗങ്ങൾ സ്വന്തം കൈയിൽനിന്ന് പണം നൽകി. 22 അംഗ പഞ്ചായത്ത് ഭരണ സമിതിയിലെ ഓരോ അംഗവും 1000 രൂപ വീതം രണ്ട് മാസം മുമ്പാണ് ഇതിന് നൽകിയത്. എന്നാൽ, ഇതുവരെ നന്നാക്കിയില്ല. പകർച്ചപ്പനിയും ഡെങ്കിയും പടർന്ന് മൂന്നുപേർ മരിക്കുകയും നൂറുകണക്കിന് ആളുകൾ ചികിത്സ തേടുകയും ചെയ്തതോടെയാണ് മെഷീൻ നന്നാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ കാലങ്ങളിൽ കൊതുകുനശീകരണത്തിന് മരുന്നുതളിക്കലും ഫോഗിങ്ങും നടത്തിയിരുന്നെങ്കിലും യന്ത്രങ്ങൾ കേടായതോടെ ഇതെല്ലാം മുടങ്ങി. പനിക്ക് പ്രധാന കാരണമായ കൊതുകുകളെ ഇല്ലാതാക്കാൻ ഉണർന്നു പ്രവർത്തിക്കേണ്ട സമയത്തും വേണ്ടത്ര ജാഗ്രത പുലർത്താൻ പഞ്ചായത്ത് ഭരണസമിതി തയാറാവുന്നില്ല. പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം നടത്തുന്നില്ല. ഓട ക്ലീനിങ്, മാലിന്യം നീക്കൽ, കൊതുകുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടന്നിട്ട് നാളുകളായെന്ന് ഭരണകക്ഷി അംഗങ്ങൾക്കുതന്നെ ആക്ഷേപമുണ്ട്. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ പായിപ്ര കവല, പായിപ്ര സ്കൂൾപടി, മുളവൂർ, മുടവൂർ, പേഴയ്ക്കാപ്പിള്ളി, പെരുമറ്റം, ആട്ടായം തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകുശല്യവും മാലിന്യപ്രശ്നങ്ങളും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.