തണ്ണീർത്തടം നികത്തി പണിത കെട്ടിടം പൊളിക്കാനുള്ള ആർ.‍‍ഡി.ഒ ഉത്തരവ് നടപ്പാക്കാത്തത് വിവാദത്തിൽ

പറവൂർ: ആലുവ--പറവൂർ റൂട്ടിൽ ആനച്ചാലിൽ തണ്ണീർത്തടം നികത്തി പണിത കെട്ടിടം പൊളിച്ചുനീക്കാനുള്ള ആർ‍‍.ഡി.ഒയുടെ ഉത്തരവ് നടപ്പാക്കുന്നത് വൈകുന്നത് വിവാദത്തിൽ. കെട്ടിട ഉടമയും റവന്യൂ വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് കാരണമെന്നാണ് ആരോപണം. കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡ് മന്നം ആനച്ചാലിലാണ് തണ്ണീർത്തടവും പാടവും നികത്തി സ്വകാര്യവ്യക്തി ഗോഡൗൺ നിർമിച്ചത്. ആലുവ-പറവൂർ പാതയോട് ചേർന്ന ഒരേക്കറോളം ഭൂമിയാണ് നികത്തിയത്. നികത്തുന്ന സമയത്ത് നാട്ടുകാർ റവന്യൂ അധികൃതരെ അറിയിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തെങ്കിലും തടസ്സം കൂടാതെ പണി പൂർത്തിയാക്കി. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ഇതു സാധിച്ചതെന്നും ആക്ഷേപമുണ്ട്. തുടർന്ന് നാട്ടുകാർ ചേർന്ന് ഫോർട്ട്കൊച്ചി ആർ‍.ഡി.ഒക്ക് പരാതി നൽകി. ആർ.ഡി.ഒ അന്വേഷിക്കുകയും ഗോഡൗൺ പൊളിച്ചുനീക്കാനും ഭൂമി പൂർവസ്ഥിതിയിലാക്കാനും ഉത്തരവിടുകയും ചെയ്തിരുന്നു. 15 ദിവസത്തിനകം ഉത്തരവ് നടപ്പാക്കാന്‍ വില്ലേജോഫിസർ മുഖേന സ്ഥലമുടമക്ക് നിർദേശം നൽകി. എന്നാൽ, അനധികൃത നിർമാണം പൊളിച്ചു നീക്കിയില്ലെന്ന് മാത്രമല്ല, പകരം നടപടിയെടുക്കുന്ന കാര്യത്തിലും റവന്യൂ ഉദ്യോഗസ്ഥർ നിസ്സംഗത കാണിക്കുകയാണ്. കെട്ടിടം വന്നതോടെ ഈ പരിസരത്തെ നാൽപതോളം വീടുകൾ വെള്ളക്കെട്ടിലാണ്. അതിനാൽ എത്രയും വേഗം പൊളിച്ചുനീക്കി ഈ ഭൂമി പൂർവ സ്ഥിതിയിലാക്കണമെന്നായിരുന്നു ആർ.ഡി.ഒയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്. പത്തുവർഷം മുമ്പുവരെ കോട്ടുവള്ളി, കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ പകുതിയിൽ കൂടുതൽ സ്ഥലങ്ങൾ പാടശേഖരങ്ങളായിരുന്നു. എന്നാൽ, ഇന്ന് പാടശേഖരങ്ങളിലെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങളുടെയും ഗോഡൗണുകളുടെയും തൂണുകൾ ഉയർന്നിരിക്കുകയാണ്. ഇങ്ങനെ ഒട്ടേറെ ഗോഡൗണുകൾ പഞ്ചായത്ത് പരിധിയിൽ ഉണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയും ഡാറ്റാബാങ്കിൽ ഉൾപ്പെട്ട പാടശേഖരങ്ങളിലും തണ്ണീർത്തടങ്ങളിലുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.