60 ഏക്കർ പാടം കുത്തകക്ക്​ വിൽക്കൽ: പ്രതിഷേധ യോഗം മാറ്റിയത്​ വിവാദത്തിൽ

പറവൂർ: സി.പി.എം നേതൃത്വത്തി​െൻറ മൗനാനുവാദത്തോടെ ഏഴിക്കരയിലെ 60 ഏക്കർ പൊക്കാളി പാടശേഖരം കുത്തക ബഹുരാഷ്ട്ര സ്ഥാപനത്തിന് വിറ്റതിനെതിരെ ഞായറാഴ്ച സംഘടിപ്പിക്കാനിരുന്ന വിശദീകരണ യോഗം മുന്നറിയിപ്പില്ലാതെ മാറ്റിയത് വിവാദത്തിന് തിരികൊളുത്തി. പൊക്കാളി നിലം ഉൾപ്പെടുന്ന പ്രദേശമായ പള്ളിയിക്കൽ സഹകരണ ബാങ്കിന് സമീപം ചാത്തനാടാണ് പാർട്ടിയുടെ കർഷക ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചത്. ഇതുസംബന്ധിച്ച് വാർത്തയും നൽകി. എന്നാൽ, പാർട്ടിയിലെ ചേരിതിരിവ് രൂക്ഷമാകുമെന്നുകണ്ട് നേതൃത്വം ഇടപ്പെട്ട് മാറ്റിവെപ്പിക്കുകയായിരുന്നു. മാറ്റിെവച്ചത് പാർട്ടി മുഖപത്രത്തിലൂടെ മാത്രം അറിയിച്ചു. മറ്റു പത്രങ്ങൾക്ക് നൽകിയില്ല. സംസ്ഥാന കമ്മിറ്റി നടത്തുന്ന സംയോജിത കർഷക പഠന ക്യാമ്പ് ചൊവ്വാഴ്ച നടക്കുന്നതിനാലാണ് പരിപാടി മാറ്റിയതെന്നാണ് ഇതുസംബന്ധിച്ച് ചോദ്യമുയർത്തിയ പ്രവർത്തകരോടും മറ്റും നേതൃത്വം അറിയിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടകനും ജില്ല സെക്രട്ടറി പി.രാജീവ് അദ്ധ്യക്ഷനുമായി പരിപാടി നടക്കുമ്പോൾ പ്രതിഷേധയോഗം നടത്തി ക്യാമ്പി​െൻറ തിളക്കം കുറക്കരുതെന്ന നിലപാടിനാണ് മുൻതൂക്കം ലഭിച്ചത്. വർഷങ്ങളായി കൃഷിചെയ്തുവരുന്ന 60 ഏക്കർ പാടമാണ് കുത്തക സ്ഥാപനത്തിന് വിറ്റത്. പള്ളിയാക്കൽ സഹകരണ ബാങ്ക് പ്രസിഡൻറ് ഉൾെപ്പടെയുള്ളവരാണ്‌ വിൽപനക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന ആക്ഷേപവുമുണ്ട്. തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽപറത്തിയാണ് നിലം വൻകിട കമ്പനി കൈവശപ്പെടുത്തിയത്. തണ്ണീർത്തട നിയമം പൂർണമായും ബാധകമായ പ്രദേശമാണിത്. നിലം വിൽപന പുറത്തായതോടെയാണ് പാർട്ടിയിൽ ചേരിതിരിവ് ഉണ്ടാവുകയും ഒരു വിഭാഗം കൃഷിയിറക്കണമെന്ന ആവശ്യം ഉയർത്തുകയും ചെയ്തത്. വിൽപനക്കെതിരെ ബ്രാഞ്ച് തലം മുതൽ ജില്ല കമ്മിറ്റി വരെ പാർട്ടിക്കാർ പരാതി നൽകിയിട്ടുണ്ട്. പൊക്കാളിക്ക് പേരുകേട്ട ഇവിടെ കൃഷി കുറഞ്ഞുവരുകയാണ്. തരിശിടുന്ന പാടങ്ങളിൽ കർഷക-യുവജന സംഘങ്ങളുടെ നേതൃത്വത്തിൽ കൃഷി ഇറക്കിയിരുന്നു. ഇതിനിടയിലാണ് 60ഒാളം ഏക്കർ പാടശേഖരം വിറ്റത്. കൃഷിചെയ്യാത്ത പാടങ്ങളിൽ ബലമായി കൃഷിയിറക്കിയ സി.പി.എം നേതാക്കൾ മറുഭാഗത്ത് ഏക്കർ കണക്കിന് പൊക്കാളി പാടശേഖരം കുത്തകകൾക്ക് വിൽപന നടത്തിയത് ഇരട്ടത്താപ്പാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.