പൊലീസ് കള്ളക്കേസില്‍ കുടുക്കി മർദിച്ചെന്ന പരാതിയില്‍ എതിര്‍കക്ഷികൾ ഹാജരാകണം

ആലുവ: പൊലീസ് കള്ളക്കേസില്‍ കുടുക്കി മർദിച്ചെന്ന പരാതിയില്‍ എതിര്‍കക്ഷികളോട് ഹാജരാകാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. കോതമംഗലം സ്‌റ്റേഷനിലെ എസ്.ഐമാരായ സി.വി. ലൈജു മോന്‍, എന്‍.കെ. ജോസ്, സി.പി.ഒ സലിം എന്നിവര്‍ക്കെതിരെ മുന്‍ പട്ടാളക്കാരായ കോതമംഗലം കോഴിപ്പിള്ളി പോത്താനിക്കാട് വീട്ടില്‍ സിജി മാത്യു, പുതയത്ത് മോളയില്‍ നൈജോ ജോർജ്, ബന്ധു തൊടുപുഴ കലയന്താനി സ്വദേശി സെയ്ൻറി മാത്യു എന്നിവരാണ് കമീഷനെ സമീപിച്ചത്. കഴിഞ്ഞ നവംബര്‍ 30നാണ് കേസിനാസ്പദ സംഭവം. തൊടുപുഴ കലയന്താനിയിലെ ബന്ധുവീട്ടില്‍ വിരുന്നുപോയ ശേഷം രാത്രി വൈകിയിറങ്ങിയ മൂവരും ഓട്ടോയിൽ മടങ്ങവെ കോതമംഗലത്തുവെച്ച് ഒരാൾ തടഞ്ഞ് അകത്ത് കയറി. ആരാണെന്ന് ചോദിച്ചപ്പോള്‍ എസ്.ഐയെ കണ്ടാല്‍ തിരിച്ചറിയില്ലേടായെന്ന് പറഞ്ഞ് ചീത്തവിളിക്കുകയും പൊലീസ് സ്‌റ്റേഷനിലേക്ക് കോണ്ടുപോകാന്‍ എസ്.ഐ ജോസ് ആവശ്യപ്പെടുകയുമായിരുന്നെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. സ്റ്റേഷനിലെത്തിയേപ്പാൾ ക്രൂരമായി മർദിച്ചു. പിറ്റേദിവസം അഞ്ചുമണിയോടെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. പൊതുസ്ഥലത്ത് മദ്യപിക്കല്‍, സ്റ്റേഷനില്‍ കയറി പൊലീസുകാരെ മർദിക്കല്‍ തുടങ്ങിയ കേസുകളാണ് ചാർജ് ചെയ്തത്. റിമാന്‍ഡിലായ മൂന്നുപേരും 13 ദിവസം മൂവാറ്റുപുഴ സബ്ജയിലില്‍ കഴിഞ്ഞു. ഹൈകോടതിയില്‍നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. തിങ്കളാഴ്ച ആലുവ പാലസില്‍ നടന്ന സിറ്റിങ്ങില്‍ പരാതിക്കാരെ വിളിച്ചുവരുത്തിയ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് മൊഴിയെടുത്തു. തുടർന്നാണ് എതിര്‍കക്ഷികളോട് ആഗസ്റ്റ് ഒമ്പതിന് കാക്കനാട്ട് നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.