കൂരുമലയില്‍ ടൂറിസം വികസനം; ഒന്നാംഘട്ടം പൂര്‍ത്തിയായി

കൂത്താട്ടുകുളം: എറണാകുളം-കോട്ടയം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ ഇലഞ്ഞി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കൂരുമലയില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച്‌ ജോസ്‌ കെ. മാണി എം.പിയും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളിൽപെടുത്തിയാണ്‌ കൂരുമല ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നത്‌. കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്‌ യോജനയില്‍നിന്ന് 1.65 ലക്ഷം രൂപയും സംസ്ഥാന ടൂറിസം വകുപ്പില്‍നിന്ന് 50 ലക്ഷം രൂപയും ജോസ്‌ കെ. മാണി എം.പിയുടെ പ്രദേശിക വികസനഫണ്ടില്‍നിന്ന് 15 ലക്ഷം രൂപയും ചെലവഴിച്ചു. കൂരുമലയിലേക്കുള്ള റോഡ്‌ വികസനത്തിനായാണ്‌ പ്രധാനമായും തുക ചെലവഴിച്ചിരിക്കുന്നത്‌. റോഡരിക് കോണ്‍ക്രീറ്റ്‌ ചെയ്യുന്ന ജോലിയാണ്‌ നിലവില്‍ നടക്കുന്നത്‌. എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡി​െൻറ നിർമാണവും ഭാഗികമായി പൂര്‍ത്തിയായി. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറി​െൻറ കാലത്ത്‌ ടൂറിസം വകുപ്പിന്‌ 1.50 ലക്ഷം രൂപയുടെ പദ്ധതിയാണ്‌ സമര്‍പ്പിച്ചത്‌. ഇതില്‍ 50 ലക്ഷം രൂപ ചെലവഴിച്ചാണ് മലയിലേക്കുള്ള റോഡ്‌ ടൈല്‍പാകി മനോഹരമാക്കി ഗ്രില്ലും വിശ്രമസൗകര്യങ്ങളും സ്ഥാപിച്ചത്. വ്യൂ നിര്‍മാണം ഉടന്‍ ആരംഭിക്കും. ട്രക്കിങ്, സായാഹ്ന പ്രകൃതി സൗന്ദര്യം കാണാനും മറ്റും നൂറുകണക്കിന്‌ ആളുകളാണ്‌ ദിവസേന ഇവിടെ എത്തുന്നത്‌. എറണാകുളം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രദേശമാണ്‌ കൂരുമല. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്‌, കുമരകം, പിറവം പുഴയോരം, അരീക്കല്‍വെള്ളച്ചാട്ടം, കൂരുമല തുടങ്ങിയ കേന്ദ്രങ്ങളെയെല്ലാം ചേര്‍ത്ത്‌ ടൂറിസ്റ്റ്‌ ഹബ് യാഥാർഥ്യമാക്കാനുള്ള ശ്രമം നടത്തുമെന്നും ജോസ്‌ കെ. മാണി പറഞ്ഞു. ഇലഞ്ഞി പഞ്ചായത്ത്‌ പ്രസിഡൻറ് ജോയിസ്‌ മാമ്പിള്ളിൽ, ടോമി കെ.തോമസ്‌, ജോര്‍ജ്‌ ചാമ്പമല, എം.പി ജോസഫ്‌ മുട്ടപ്പിള്ളിയില്‍, മനോജ്‌, ജോസഫ്‌ വാഴയില്‍, ബിനോയ്‌ തോട്ടുവേലി, ജോര്‍ജ്‌ എം.ടി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.